പഴയങ്ങാടി : 21 കി.മി. ദൈർഘ്യമുള്ള പിലാത്തറ-പാപ്പിനിശ്ശേരി റോഡ് നവീകരണം യാഥാർഥ്യമാകാതെ പദ്ധതിയിലൊതുങ്ങുന്നു. കെ.എസ്.ടി.പി പാത പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലാക്കി 15 കോടിയുടെ സർവതോമുഖമായ നവീന പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും പദ്ധതികൾ യാഥാർഥ്യമായില്ല.
റോഡിന്റെ നവീകരണം വൈകിയതോടെ ഈ പാതയിലൂടെയുള്ള യാത്ര കൂടുതൽ ദുഷ്കരമാവുകയാണ്. കാലവർഷമെത്തുന്നതോടെ അവസ്ഥ കൂടുതൽ പരിതാപകരമാകും. അത്യന്താധുനിക സംവിധാനത്തോടെ വിഭാവനം ചെയ്ത കെ.എസ്.ടി.പി പാത യാത്ര സജ്ജമായതോടെ അപകടങ്ങൾ വർധിച്ചിരുന്നു.
അപകടങ്ങൾ ഒഴിവാക്കാൻ കാമറ സ്ഥാപിതമായിട്ട് മാസങ്ങൾ പിന്നിട്ടെങ്കിലും ഫലം കണ്ടില്ല. വർഷത്തിൽ 12 മുതൽ 15 പേർ അപകടത്തിൽ മരണപ്പെട്ടിട്ടുണ്ട്. റോഡിന്റെ ചില മേഖലകൾ പൂർണമായും അപകട ഭീഷണിയിലാണ്. രാമപുരം കൊത്തി കുഴിച്ച പാറയിൽ കയറ്റിറക്ക മേഖലയിൽ ഭാരം കയറ്റി വരുന്ന ലോറികൾ വഴിയിൽ കുടുങ്ങുന്നത് പതിവാണ്.
രാമപുരം പാലത്തിന്റെ സമീപത്തടക്കം വിവിധ മേഖലകളിൽ കുഴികൾ രൂപപ്പെട്ടിട്ടും അധികൃതർ പരിഹാരം തിരിഞ്ഞുനോക്കുന്നില്ല. 200 ലേറെ സോളാർ വിളക്കുകൾ സ്ഥാപിച്ചതിൽ വിരലിലെണ്ണാവുന്ന മാത്രമാണ് പ്രവർത്തിക്കുന്നത്. വിവിധയിടങ്ങളിൽ വിളക്കു കാലുകളും നിലം പൊത്തിയിട്ടുണ്ട്.
നിരവധി അപകടങ്ങളുണ്ടാവുകയും ജീവൻ പൊലിയുകയും ചെയ്ത പഴയങ്ങാടി പാലം, റെയിൽവേ മേൽപ്പാലം പരിസരങ്ങളിൽ സന്ധ്യ കഴിഞ്ഞാൽ കൂരിരുട്ടാണ്. വ്യാപാര ഭവൻ കെട്ടിടത്തിലേക്ക് രണ്ടു മാസം മുമ്പ് ഭീമൻ ലോറി ഇടിച്ചു കയറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.