പഴയങ്ങാടി: മഴയിൽ പ്ലാറ്റ് ഫോമിൽ വെള്ളം ചോരുന്നതിനാൽ പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ദുരിതത്തിൽ. രണ്ടാം പ്ലാറ്റ് ഫോമിലെ ഷെൽട്ടർ താഴ്ന്നാണ് മഴ വെള്ളം ചോർന്ന് യാത്രക്കാർക്ക് ദുരിതമാകുന്നത്. മംഗളൂരുവിൽനിന്ന് ഷൊർണൂർ ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും നിർത്തുന്നത് രണ്ടാം പ്ലാറ്റ് ഫോമിന് സമാന്തരമായാണ്. മഴയിൽ വെള്ളം ചോർന്ന് പ്ലാറ്റ് ഫോമിൽ പലരും വഴുതിവീഴുകയാണ്. വണ്ടികൾക്കായി കാത്തു നിൽക്കുന്ന യാത്രക്കാർ പ്ലാറ്റ് ഫോമിൽ കുട പിടിച്ച് നിൽക്കേണ്ട അവസ്ഥയിലാണ്. വൃദ്ധരും സ്ത്രീകളുമടക്കമുള്ള നിരവധി യാത്രക്കാരാണ് കഷ്ടപ്പെടുന്നത് .
രണ്ടാം പ്ലാറ്റ് ഫോമിലെ ഇരിപ്പിടം മുഴുവൻ നനഞ്ഞും വെള്ളം കെട്ടി നിൽക്കുന്നതിനാലും മഴയില്ലാത്ത സമയത്തു പോലും ഇരിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ട്രെയിൻ യാത്രക്കാർ. പ്ലാറ്റ് ഫോം മുഴുവൻ വെള്ളം കെട്ടി നിൽക്കുകയും മഴ നനയേണ്ട ദുരവസ്ഥയും ഇരിപ്പിടത്തിൽ ഇരിക്കാൻ കഴിയാത്ത നിലയിൽ വെള്ളം കെട്ടിനിൽക്കുകയും യാത്രക്കാർ വഴുതി വീണ് പരിക്കേൽക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായിട്ടും റെയിൽവേ അധികൃതർ നിസ്സംഗത തുടരുകയാണെന്നും പഴയങ്ങാടി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.പി. ചന്ദ്രാംഗദൻ പറഞ്ഞു. കോവിഡ് കാലത്ത് നിർത്തലാക്കിയ തിരുവനന്തപുരം - നിസാമുദ്ദീൻ മംഗള എക്സ് പ്രസിന്റെ സ്റ്റോപ് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. പഴയങ്ങാടി റെയിൽവേ സ്റ്റേഷനോട് അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.