പഴയങ്ങാടി: നാടും നഗരവും ഉറങ്ങുമ്പോഴാണ് ചൊവ്വാഴ്ച പുലർച്ച പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ എരിപുരത്ത് നാടിനെ നടുക്കിയ ലോറി അപകടമുണ്ടായത്. അപകടത്തിൽ തമിഴ്നാട് തിരുപ്പൂർ സ്വദേശി മുത്തു (26) അപകടസ്ഥലത്തുതന്നെ മരിച്ചു. ഏറെ പണിപ്പെട്ടാണ് ഉറക്കമൊഴിച്ച് നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് മുത്തുവിെൻറ മൃതദേഹം പുറത്തെടുത്തത്. അപകടത്തെ തുടർന്ന് പ്രദേശം പുലർച്ച രണ്ടുമുതൽ ഉറക്കമൊഴിച്ചു നിൽക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന നിഗമനത്തിലെത്തുമ്പോഴും റോഡിെൻറ കിടപ്പും ശാസ്ത്രീയതയും ചോദ്യമായി അവശേഷിക്കുന്നു.
പിലാത്തറ - പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ വാഹനാപകടങ്ങൾ പതിവാകുകയാണ്. കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് ദേശീയപാത വഴിയുള്ള സഞ്ചാരത്തേക്കാൾ ദൂരം ലാഭിക്കാനാവുന്നതിനാൽ ദേശീയപാത കൈയൊഴിഞ്ഞാണ് അന്തർ സംസ്ഥാന ചരക്കു ലോറികളും ടാങ്കർ ലോറികളും ഇതുവഴി സഞ്ചരിക്കുന്നത്. ദേശീയപാതയേക്കാൾ സുഖകരമായ പാത ഇതായതും വാഹനങ്ങളുടെ തിരക്ക് ഈ മേഖലയിൽ വർധിപ്പിക്കുന്നുണ്ട്. അമിത ഭാരം കയറ്റിയുള്ള വാഹനങ്ങളടക്കം അമിതവേഗതയിലാണ് ഇതുവഴി കടന്നു പോകുന്നത്. സ്വകാര്യ ബസ് അപകടത്തിൽപെട്ട് എട്ട് ജീവൻ പൊലിഞ്ഞ മേഖലയാണിത്. ഇരുചക്ര വാഹനങ്ങളും മറ്റു വാഹനങ്ങളും അപകടത്തിൽ പെട്ടതടക്കം കെ.എസ്.ടി.പി റോഡ് യാഥാർഥ്യമായതിനുശേഷം ഇരുപത്തഞ്ചിലേറെ പേരുടെ ജീവനാണ് റോഡിൽ പൊലിഞ്ഞത്.
റോഡിലെ പ്രധാന കവലകളിൽ ആവശ്യമായ ദിശാസൂചക ബോർഡുകളില്ലെന്ന പരാതികൾക്ക് പരിഹാരമുണ്ടായിട്ടില്ല. ചൊവ്വാഴ്ച അപകടം നടന്ന മേഖലയായ എരിപുരം സർക്കിൾ, കെ.എസ്.ടി.പി പാതയിലെ പ്രധാന നാൽക്കവലയാണ്. ആവശ്യമായ ദിശാസൂചക ബോർഡുകളില്ലാത്തതിനാൽ തളിപ്പറമ്പ്, നാവൽ അക്കാദമി, പയ്യന്നൂർ, പഴയങ്ങാടി ഭാഗങ്ങളിലേക്ക് വാഹനങ്ങൾ ഏതുവഴി തിരിച്ചുവിടണമെന്ന് അന്യ സ്ഥലങ്ങളിൽനിന്ന് ഇവിടെയെത്തുന്നവർക്ക് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന പരാതിക്ക് അധികൃതർ ഇതുവരെയും പരിഹാരം കണ്ടെത്തിയിട്ടില്ല.
അപകടം നടന്ന സർക്കിളിൽ കണ്ണൂർ ഭാഗത്തേക്കു തിരിയേണ്ട ഭാഗത്ത് റോഡിന് വീതി കുറവാണെന്നതു അപകടകാരണമായി വിലയിരുത്തപ്പെടുന്നു. വശങ്ങളിലുണ്ടായ കെട്ടിടങ്ങൾ അതേപടി നിലനിർത്തിയാണ് റോഡ് നവീകരിച്ചത്. കെട്ടിടങ്ങൾ അക്വയർ ചെയ്ത് നടപടികൾ സ്വീകരിക്കാതെ റോഡ് നവീകരിച്ചതോടെ റോഡിെൻറ വീതി പന്ത്രണ്ടും പതിനാലും മീറ്ററായി വർധിച്ചെങ്കിലും വശങ്ങളിലെ കെട്ടിടങ്ങൾക്ക് റോഡുമായി ആവശ്യമായ അകലമില്ലാത്തതും അപകടത്തിന് കാരണമാകുന്നു. ഇതിനുമുമ്പും ഈ മേഖലയിൽ കടകൾക്ക് വാഹനങ്ങളിടിച്ച് അപകടമുണ്ടായിട്ടുണ്ട്. കെ.എസ്.ടി.പി റോഡിലെ ഈ പ്രധാന കവലയിൽ വെളിച്ചമില്ലാത്തതും ജനത്തെ ബുദ്ധിമുട്ടിലാക്കുന്നു. ലോറി അപകടത്തെ തുടർന്ന് ഗതാഗത തടസ്സം നീക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾക്കും വെളിച്ചക്കുറവും വൻ തടസ്സമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.