പഴയങ്ങാടി: മാടായിപ്പാറയിൽ വീണ്ടും തീപിടിത്തം. തിങ്കളാഴ്ച വൈകീട്ട് 4.30 ഓടെയാണ് മരിയ ഭവന് സമീപത്ത് പുൽമേടുകളിലേക്ക് തീ പടർന്നു പിടിച്ചത്. സ്കൂൾ വിദ്യാർഥികളും നാട്ടുകാരും അവസരോചിതമായി ഇടപെട്ട് തീ പടരുന്നത് തടയുകയായിരുന്നു. പയ്യന്നൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
നാല് ഏക്കറയോളം ഡൈമേറിയ പുൽമേടുകളാണ് തിങ്കളാഴ്ചയുണ്ടായ തീപിടിത്തത്തിൽ കരിഞ്ഞമർന്നത്. ഒരു മാസത്തിനുള്ളിൽ അഞ്ചാം തവണയാണ് മാടായിപ്പാറയിൽ തീ പിടിത്തമുണ്ടായത്. ഓരോ അഗ്നിബാധയിലും ഏക്കർ കണക്കിനു പുൽമേടുകളാണ് കത്തിയമരുന്നത്.
ഒരു മാസത്തിനുള്ളിൽ 20 ഏക്കറോളം പുൽമേടുകൾ കത്തി നശിച്ചിട്ടുണ്ട്. അത്യപൂർവ ഉരഗങ്ങൾ, ശലഭങ്ങൾ, തുമ്പികൾ എന്നിവ അഗ്നിബാധയിൽ കരിഞ്ഞു നശിക്കുകയാണ്. അപൂർവയിനം സസ്യങ്ങൾക്ക് വംശനാശം സംഭവിക്കുന്നതിനും കാരണമാകുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
വാനമ്പാടി പക്ഷികൾ മുട്ടയിടുന്നത് ഡൈമേറിയ പുൽമേടുകളിലാണ്. അഗ്നിബാധയിൽ മുട്ടയും വിരിഞ്ഞ ചെറുപക്ഷികളുമാണ് നാശമടയുന്നത്. മാടായിപ്പാറയിൽ മാത്രം കണ്ടെത്തി ശാസ്ത്ര ലോകത്തിന് സമ്മാനിച്ച സസ്യങ്ങൾക്ക് വംശനാശം സംഭവിക്കുമെന്ന് പഠന വിദ്യാർഥികളിലും പരിസ്ഥിതി പ്രവർത്തകരിലും പ്രകൃതി സ്നേഹികളിലും ആശങ്ക പടർത്തുന്നു. സാമൂഹിക ദ്രോഹികളാണ് മാടായിപ്പാറയിൽ തീയിടുന്നതെന്ന് കരുതപ്പെടുന്നു.
സംസ്ഥാനത്തെ പ്രമുഖ ചെങ്കൽകുന്നും പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയുമാണ് മാടായിപ്പാറ. എന്നാൽ, അടിക്കടിയുണ്ടാകുന്ന അഗ്നിബാധ തടയുന്നതിനോ കുറ്റവാളികളെ കണ്ടെത്തുന്നതിനോ നടപടികൾ കൈ കൊള്ളാതെ അധികൃതർ നിസ്സംഗത തുടരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.
തീ പിടിത്തം പകൽ സമയങ്ങളിലാവുന്നതിനാലാണ് വൻ ദുരന്തം ഒഴിവാക്കുന്നത്. രാത്രി കാലങ്ങളിലാണ് തീ പടരുന്നതെങ്കിൽ വൻ ദുരന്തത്തിന് കാരണമായേക്കും. മാടായിപ്പാറയുടെ താഴ് ഭാഗങ്ങൾ ജനസാന്ദ്രതയേറിയ മേഖല കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.