പഴയങ്ങാടി: ആധിയും വ്യാധിയും പടരുന്ന കർക്കടകത്തിലെ ശനി ഒഴിപ്പിക്കാൻ മാരിത്തെയ്യങ്ങൾ ഇന്ന് നാടു ചുറ്റും. കർക്കടകം 16ന് ഉത്തര മലബാറിലെ പ്രസിദ്ധ ദേവീക്ഷേത്രമായ മാടായിക്കാവിൽ കെട്ടിയാടിയ തെയ്യങ്ങളാണ് ഇന്ന് മാടായിയിൽ നാടു ചുറ്റാനിറങ്ങുന്നത്.
പുലയ സമുദായത്തിലുള്ളവരാണ് മാരിത്തെയ്യങ്ങൾ കെട്ടിയാടുന്നത്. ആകർഷകമായ രീതിയിൽ കുരുത്തോലകൾ കൊണ്ട് അലംകൃതമാക്കി ഭീതി പടർത്തുന്ന മുഖംമുടി ധരിച്ച്, കുരുത്തോല കുത്തിപ്പിടിച്ച് നൃത്തം ചവിട്ടുന്ന മാരിത്തെയ്യങ്ങൾക്ക് മത, ജാതി ഭേദമന്യേ ജനങ്ങൾ വൻ വരവേൽപാണ് നൽകുന്നത്.
ഏഴ് മുതൽ ഒമ്പത് വരെ തെയ്യങ്ങളാണ് കെട്ടിയാടുന്നത്. പുലയ സാഹിത്യത്തിൽ പൈതൃകമായി വാ മൊഴിയായി പകർത്തിയ പാട്ടുകൾ തുടി കൊട്ടി പാടുന്നതനുസരിച്ച് തെയ്യങ്ങൾ നൃത്തം ചവിട്ടുന്നു. വീടുകൾ മുതൽ കാലിത്തൊഴുത്തുകളടക്കം വലംവെച്ചാണ് ശനി ബാധ ഒഴിപ്പിക്കുന്നത്.
മാരിപ്പനി, മാരിക്കുരിപ്പ് (വസൂരി) തുടങ്ങി മാരിദീനങ്ങളും ദുരിതവും ദാരിദ്ര്യവും ശനിയും ഒഴിപ്പിക്കാൻ മാരിത്തെയ്യങ്ങൾക്ക് മാത്രമേ സാധ്യമാവുകയെന്ന് ദേവപ്രശ്നത്തിൽ കണ്ടെത്തിയെന്നാണ് ഐതിഹ്യം. എന്നാൽ ശനിയകറ്റാൻ കർമ്മികൾ ശ്രമിച്ചെങ്കിലും എല്ലാ ശനികളെയും മാറ്റാനായില്ലെന്നും 101 ശനികളെയും മാറ്റാൻ പുലയ സമുദായത്തിലെ മാരിത്തെയ്യങ്ങൾക്ക് മാത്രം സാധ്യമാവുകയും നാട്ടിലെ ആധിയും വ്യാധിയും ഒഴിപ്പിച്ച് നാട് സമൃദ്ധമാക്കി എന്നാണ് ഐതിഹ്യം. മാരിക്കലിച്ചി, മാമാരിക്കലിച്ചി, മാരിക്കരുവൻ, മാമാരിക്കരുവൻ, മാരി ഗുളികൻ, മാരി പൊട്ടൻ തെയ്യങ്ങളാണ് കെട്ടിയാടുന്നത്. നാട്ടിൽ കെട്ടിയാടി വലം വെച്ച് ആവാഹിച്ചെടുക്കുന്ന ശനിയെ സന്ധ്യയോടെ കടൽ തീരത്തെ പ്രത്യേക പൂജക്ക് ശേഷം കടലിൽ ഒഴുക്കി കളയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.