പഴയങ്ങാടി: റെയിൽവേ സ്റ്റേഷനുകളിലെ നിത്യ ചെലവിനുള്ള ഇംപ്രസ് തുക നൽകുന്നതിന് റെയിൽവേ അനുമതി നൽകാത്തതിനാൽ പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലും പരിസരത്തും ശുചീകരണം മുടങ്ങിയിട്ട് ദിവസങ്ങൾ.
തീവണ്ടികളിൽ നിന്ന് വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവ പ്ലാറ്റ് ഫോമിലും പരിസരത്തും നിറയുകയാണ്. കരാറടിസ്ഥാനത്തിൽ നിയമിച്ച ശുചീകരണ തൊഴിലാളികളുടെ സേവനം റെയിൽവേ വേണ്ടെന്നു വെച്ചതാണ് ശുചീകരണ പ്രവൃത്തി മുടങ്ങാൻ കാരണം.
താൽക്കാലിക ജീവനക്കാർക്കായിരുന്നു ശുചീകരണ ചുമതല. ഇവർക്കുള്ള വേതനം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നൽകുകയും ഫണ്ട് ലഭിക്കുന്ന മുറക്ക് തിരിച്ചെടുക്കുകയുമായിരുന്നു രീതി. എന്നാൽ ഫണ്ട് പൂർണമായും മുടങ്ങിയതോടെ ജീവനക്കാർക്ക് വേതനം നൽകാനാവാത്തതിനാൽ ഇവരുടെ സേവനം നിർത്തലാക്കുകയായിരുന്നു.
പാലക്കാട് ഡിവിഷന്റെ കീഴിലുള്ള എ, ബി കാറ്റഗറികളിലല്ലാത്ത സ്റ്റേഷനുകളിൽ നിത്യ ചെലവിനുള്ള ഇംപ്രസ് തുക ആഗസ്റ്റ് മുതൽ അനുവദിച്ചിട്ടില്ല. മറ്റ് ഡിവിഷനുകളുടെ കീഴിലുള്ള സ്റ്റേഷനുകളിൽ ഇംപ്രസ് തുക ക്രമം തെറ്റാതെ പുതുക്കി നൽകുമ്പോഴാണ് പാലക്കാട് ഡിവിഷനു കീഴിലുള്ള സ്റ്റേഷനുകളെ ആവശ്യമായ തുക അനുവദിക്കാതെ അവഗണിക്കുന്നത്.
പ്രശ്നത്തിൽ അടിയന്തര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ദക്ഷിണ റെയിൽവേയിലെയും പാലക്കാട് ഡിവിഷനിലെയും ഉന്നത ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി. ഇതു സംബന്ധമായി ചേർന്ന യോഗത്തിൽ കെ.പി. ചന്ദ്രാംഗദൻ അധ്യക്ഷത വഹിച്ചു. പി.പി. സുനിൽ കുമാർ, കെ.പി. രവീന്ദ്രൻ, പി.വി. അബ്ദുല്ല, ഇ.പി. പ്രമോദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.