പഴയങ്ങാടി: ആധുനിക രീതിയിൽ നിർമിച്ചതെന്ന അവകാശവാദത്തോടെ 2018 നവംബറിൽ ഉദ്ഘാടനം ചെയ്ത പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി പാതയിൽ അപകട ഭീഷണിയൊരുക്കി എണ്ണിയാലൊടുങ്ങാത്ത കുഴികളാണുള്ളത്. ഉദ്ഘാടനം ചെയ്തത് മുതൽ അപകടങ്ങൾ തുടർക്കഥയാവുന്ന മരണപാതയിൽ അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികളൊന്നും സ്വീകരിക്കാതെ അധികൃതർ നിസ്സംഗത തുടരുകയാണ്.
പയ്യന്നൂർ-കണ്ണൂർ ദേശീയപാതയിലൂടെയുള്ള സഞ്ചാരത്തേക്കാൾ എട്ട് കി.മീ. ദൂരം ലാഭിക്കാവുന്നതിനാൽ ടാങ്കർ ലോറികളും അന്തർസംസ്ഥാന ഭീമൻവാഹനങ്ങളും ദേശീയപാത ഒഴിവാക്കി ഇതുവഴിയാണ് പോവുന്നത്.
പിലാത്തറ മുതൽ പാപ്പിനിശ്ശേരിവരെ 21കി.മി ദൈർഘ്യത്തിൽ 120 കോടി രൂപ ചെലവഴിച്ച പാതയുടെ തുടക്കം മുതൽ ഒടുക്കം വരെ കുഴികൾ നിറഞ്ഞതിനാൽ നിരവധി ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. രാത്രിയിൽ പാതയിൽ വിരലിലെണ്ണാവുന്നത്ര വിളക്കുകൾ പോലും കത്തുന്നില്ല.
പാതയുടെ എരിപുരം ഭാഗത്ത് റോഡിന്റെ ഉപരിതലം പൊങ്ങിയും താണുമിരിക്കുന്നതും വാഹനങ്ങൾക്ക് അപകട ഭീഷണിയുയർത്തുന്നുണ്ട്. അറ്റകുറ്റപ്പണികൾക്കും ഉപരിതലം മിനുക്കുന്നതിനും മറ്റുമായി 15കോടി രൂപയുടെ പദ്ധതി വിഭാവനം ചെയ്ത് പ്രഖ്യാപനം നടത്തിയെങ്കിലും പ്രവൃത്തി നടന്നിട്ടില്ല. ഏഴ് വർഷത്തെ പരിപാലനമടക്കമുള്ളതാണ് പദ്ധതി. റോഡിലെ കുഴികൾ കാലവർഷത്തിനു മുമ്പേ അടച്ചില്ലെങ്കിൽ മഴ പെയ്യുന്നതോടെ പാതയിൽ അപകടങ്ങളൊഴിയാത്ത അവസ്ഥയാകുമെന്ന ആശങ്കയിലാണ് ജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.