പഴയങ്ങാടി: പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ അപകടങ്ങളൊഴിയുന്നില്ല. കയറ്റവും ഇറക്കവും വളവും ഒഴിവാക്കി ആധുനിക നിലവാരത്തിലുള്ള പാത എന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമായാണ് ഈ പാത വിലയിരുത്തപ്പെട്ടതെങ്കിലും ഉദ്ഘാടനം കഴിഞ്ഞതു മുതൽ അപകടങ്ങൾ തുടർക്കഥയാണ്.
മംഗളൂരുവിൽനിന്ന് പാചകവാതകവുമായി പോവുകയായിരുന്ന ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ടാങ്കർ ലോറി ബുധനാഴ്ച പുലർച്ചെ ഒന്നരയോടെ നിയന്ത്രണം വിട്ടു മറിഞ്ഞതിനെ തുടർന്ന് 16 മണിക്കൂർ ഗതാഗതം മുടങ്ങിയ അപകടമാണ് ഏറ്റവും ഒടുവിലത്തേത്. പഴയങ്ങാടി പാലത്തിനു മുകളിലായിരുന്നു ഈ അപകടം. വാതക ചോർച്ചയില്ലാതിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. കഴിഞ്ഞ മാർച്ച് ഒന്നാം തിയതി ഇന്നലെ നടന്ന അപകടത്തിന്റെ ഏതാനും മീറ്റർ അകലത്തിലാണ് നിയന്ത്രണം വിട്ട ലോറി വ്യാപാരഭവൻ കെട്ടിടത്തിലിടിച്ച് മൂന്നു കടകൾ തകർത്തത്. പഴയങ്ങാടി പാലത്തിൽ തന്നെ അധ്യാപികയടക്കം രണ്ടു പേർ മരിച്ച അപകടം നടന്നത് മാസങ്ങൾക്ക് മുമ്പാണ്. ഇതേ പാതയിൽ എരിപുരത്ത് നാഷനൽ പെർമിറ്റ് ലോറിയിടിച്ച് കട തകർന്ന് ലോറി ഡ്രൈവർ സംഭവസ്ഥലത്ത് മരിച്ചതും സമീപകാലത്താണ്. അഞ്ചുപേർ മരിച്ച സ്വകാര്യ ബസ്സപകടം ഇതേ പാതയിൽ മണ്ടൂരിലായിരുന്നു. ഒന്നും രണ്ടും മൂന്നും പേർ മരിച്ച അപകടങ്ങൾ നിരവധി. ഇരു ചക്ര വാഹനങ്ങളിൽ റോഡിൽ പൊലിഞ്ഞ മനുഷ്യജീവനുകൾ ഒട്ടേറെ.
അശ്രദ്ധമായ ഡ്രൈവിങ്ങാണ് ഒട്ടുമിക്ക അപകടങ്ങൾക്കും കാരണം. കഴിഞ്ഞ ദിവസം അപകടം വിതച്ച ടാങ്കർ ലോറിയിലെ ഡ്രൈവർക്കെതിരെ ജാഗ്രതയില്ലാതെയും അശ്രദ്ധമായും വാഹനമോടിച്ചതിന് കേസെടുത്തിട്ടുണ്ട്. റോഡിൽ ആളുകൾക്ക് കാൽ നടപോലും അസാധ്യമാക്കിയും അപകടങ്ങൾക്ക് കാരണമാക്കിയും തുടരുന്ന തെരുവ് കച്ചവട ചന്തകൾക്കെതിരെ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നുമുണ്ടാവാറില്ല. ആവശ്യമായ ദിശാ ബോർഡുകൾ പാതയിൽ സ്ഥാപിക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുന്നു.
ഈ പാതയിൽ കുറ്റമറ്റ സിഗ്നൽ സംവിധാനമില്ല.
അമിത വേഗത തടയാനായി സ്ഥാപിച്ച കാമറകൾ പ്രവർത്തനരഹിതമാണ്. രാജ്യാന്തര നിലവാരമുള്ള റോഡാണിതെന്ന് കൊട്ടിഘോഷിക്കപ്പെടുമ്പോഴും 21 കി.മി ദൈർഘ്യത്തിലുള്ള പാതയിൽ കത്തുന്ന വിളക്കുകൾ വിരലിലെണ്ണാൻ പോലുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.