പഴയങ്ങാടി: പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ എല്ലാ പ്രദേശത്തും നിരീക്ഷണം കാര്യക്ഷമമാക്കാൻ തീരുമാനിച്ചു.സംസ്ഥാന ശ്രദ്ധയാകർഷിച്ച, കെ-റെയിൽ സർവേക്കല്ലുകൾ രണ്ടുതവണ പിഴുതെടുക്കുകയും മൂന്നാം തവണ എട്ടുകല്ലുകൾ ഒന്നായി പിഴുതെടുത്ത് റീത്തുവെക്കുകയും ചെയ്ത സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്താൻ കഴിയാത്തതും പൊലീസിനെതിരെ ആക്ഷേപമുയർത്തിയിരുന്നു.
ഏഴോം ക്ഷേത്ര മോഷണമടക്കമുള്ള നിരവധി മോഷണക്കേസുകൾക്കും ഇതുവരെയായി തുമ്പൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് രാത്രികാല പൊലീസ് നിരീക്ഷണം ശക്തമാക്കുന്നതിനും കാമറ സംവിധാനം വിപുലീകരിക്കുന്നതിനും തീരുമാനിച്ചത്.
പരിമിതമായ സ്ഥലങ്ങളിലാണ് ഇപ്പോൾ നിരീക്ഷണ കാമറകൾ പ്രവർത്തിക്കുന്നത്. നെരുവമ്പ്രം, എരിപുരം, ചെങ്ങൽ, കുണ്ടത്തിൻകാവ് റോഡ്, മുട്ടുകണ്ടി തീരദേശ പാത, പഴയങ്ങാടി ബസ് സ്റ്റാൻഡ്, മാടായി റെസ്റ്റ് ഹൗസ്, മാടായിപ്പാറ, വെങ്ങര മുക്ക്, ബീവി റോഡ്, മൊട്ടാമ്പ്രം, മാട്ടൂൽ നോർത്ത് പഴയ മുനീർ സ്കൂൾ പരിസരം, മുട്ടം തുടങ്ങിയ സ്ഥലങ്ങളിലായി 20 കാമറകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. സർക്കാറിൽ നിന്ന് കാമറകൾ ലഭിക്കുമെങ്കിലും പ്രവർത്തിപ്പിക്കുന്നതിനായി വൈദ്യുതി ലഭ്യമാക്കുന്നതടക്കമുള്ള സഹായത്തിന് പൊതുജന സഹായം തേടും.
മാട്ടൂലിൽ രാത്രികാല മണൽക്കടത്ത് വർധിച്ചതും മേഖലയിൽ മയക്കുമരുന്നിന്റെ വ്യാപനം രൂക്ഷമായതും പൊലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. മണൽക്കടത്ത് നിരീക്ഷിക്കുന്നത് സംബന്ധിച്ച് കടത്തുകാർക്ക് മുൻകൂട്ടി വിവരം ലഭിക്കുന്നതെങ്ങനെയെന്ന് കണ്ടെത്തുമെന്ന് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ അറിയിച്ചു. കെ-റെയിൽ സർവേക്കല്ല് പിഴുതുമാറ്റിയ പ്രതികളെയും മോഷണ സംഭവങ്ങളിലെ പ്രതികളെയും പിടികൂടുന്നതിന് അന്വേഷണം ഊർജിതമാക്കിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.