പഴയങ്ങാടി: തിരുവനന്തപുരം - മംഗളൂരു ഏറനാട് എക്സ്പ്രസിന് ഈ മാസം 15 മുതൽ പഴയങ്ങാടിയിൽ സ്റ്റോപ് അനുവദിച്ചതായി ചെന്നൈ ദക്ഷിണ റെയിൽവേ ജനറൽ മാനേജറുടെ ഉത്തരവിൽ ജനം ആഹ്ലാദത്തിമിർപ്പിൽ.
2005ൽ ഏറനാട് എക്സ്പ്രസ് സർവിസ് ആരംഭിച്ചതു മുതൽ പഴയങ്ങാടിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമുയർന്നിരുന്നു. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും ഏറെ പിറകിലായ മറ്റു സ്റ്റേഷനുകളിൽ സ്റ്റോപ് അനുവദിച്ചിട്ടും പഴയങ്ങാടിയിൽ സ്റ്റോപ് അനുവദിക്കാത്തതിൽ വർഷങ്ങളായി വ്യാപക പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഇതിനിടയിൽ രണ്ടു പ്രാവശ്യം സ്റ്റോപ് അനുവദിച്ചെങ്കിലും പ്രഖ്യാപനത്തിലൊതുങ്ങി.
റെയിൽവേ മന്ത്രിമാർ, പാർലമെന്റ് അംഗങ്ങൾ, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവരോട് നിരവധി തവണ പഴയങ്ങാടി റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. റെയിൽവേ പാസ്സഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസ് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ അദ്ദേഹത്തിന്റെ ശ്രദ്ധയിലുംപെടുത്തി. സ്റ്റോപ് അനുവദിക്കാൻ റെയിൽവേയിൽ സമ്മർദംചെലുത്താൻ രാജ് മോഹൻ ഉണ്ണിത്താൻ എം.പിയോടും ആവശ്യപ്പെട്ടിരുന്നു.
പത്തരക്കോടിയിലേറെ രൂപ വാർഷിക വരുമാനമുള്ളതും ആറു ലക്ഷത്തിലേറെ ശരാശരി വാർഷിക യാത്രക്കാരുമുള്ള റെയിൽവേ സ്റ്റേഷനാണ് പഴയങ്ങാടി. മാടായി, മാട്ടൂൽ, ഏഴോം, ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം, പരിയാരം, രാമന്തളി പഞ്ചായത്തിന്റെ ഒരു ഭാഗമടക്കം എട്ട് പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്നത് പഴയങ്ങാടി റെയിൽവേ സ്റ്റേഷനെയാണ്.
15 ന് രാവിലെ 8.45നും ഉച്ചക്ക് 2.15നും പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിന് ജനാവലിയുടെ സ്വീകരണം നൽകുമെന്ന് പഴയങ്ങാടി റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.പി. ചന്ദ്രാംഗദൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.