പഴയങ്ങാടി: സുൽത്താൻ കനാലിന്റെ തകർന്ന പാർശ്വഭിത്തി പുനർ നിർമിക്കുന്നതിന് 5.8 കോടിയുടെ ഭരണാനുമതിലഭിച്ചതായി എം. വിജിൻ എം.എൽ.എ അറിയിച്ചു. 2022 മെയ് 18ന് കാലവർഷത്തിലാണ് സുല്‍ത്താന്‍ കനാലില്‍ ചൈനാക്ലേ തോടിനടുത്തായി പാര്‍ശ്വഭിത്തി ഇടിഞ്ഞുതാഴ്ന്ന് തകർന്നത്. ബണ്ട് റോഡ് തകർന്നിടിഞ്ഞ് സംരക്ഷണ ഭിത്തി തകരുകയായിരുന്നു. ഒരു വർഷമായിട്ടും പുനർനിർമാണം നടക്കാത്തതിനെ തുടർന്ന് ഈ കാലവർഷത്തിൽ പ്രദേശത്ത് സുരക്ഷ ഭീതിയുയർന്നിരുന്നു.
തകർന്ന പാർശ്വഭിത്തി പുനർനിർമിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ എം.എൽ.എ സബ്മിഷൻ അവതരിപ്പിച്ചിരുന്നു. തുടർന്ന് തകർന്ന ഭാഗം പരിശോധിച്ച് ഐ.ഡി.ആര്.ബി ഡിസൈന്‍ വിഭാഗം രൂപകല്പന നടത്തുകയും ശേഷം എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവൃത്തി നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.
സുൽത്താൻ കനാലിന്റെ തകർന്ന പാർശ്വഭിത്തി പുനർനിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഇറിഗേഷൻ ഡിസൈൻ ആൻഡ് റിസർച്ച് ബോർഡ് (ഐ.ഡി.ആർ.ബി) ഉന്നതസംഘവും ഉൾനാടൻ ജലഗതാഗത വിഭാഗം ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. തുടർന്ന് മണ്ണ് പരിശോധ പൂർത്തിയാക്കി പ്രവർത്തിയുടെ എസ്റ്റിമേറ്റ് സർക്കാരിന് സമർപ്പിക്കുകയുമായിരുന്നു. ഇതിന്റെറ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ 5.8 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി എം. വിജിൻ എം.എൽ.എ അറിയിച്ചു. വാടിക്കൽ കടവ് പാലം-ചൈനാക്ലേ തോട്-കാലിക്കൽ ഭാഗത്തെ തകർന്ന പാർശ്വഭിത്തിയാണ് പുനർ നിർമിക്കുക.
ഉടൻ പ്രവൃത്തി ആരംഭിക്കുന്നതിന് കലക്ടറേറ്റിൽ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. പ്രദേശവാസികളുടെ ആശങ്ക പരിഗണിച്ച് എത്രയും വേഗത്തിൽ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഉൾനാടൻ ജലഗതാഗത വകുപ്പ് എക്സി. എൻജിനീയർ ഷീല അലോകൻ, അസി. എക്സി. എൻജിനീയർ സിന്ധു തൈവളപ്പിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.