പഴയങ്ങാടി: ഏഴോം പഞ്ചായത്തിലെ തമ്പുരാൻകുന്ന് ഇടിച്ചു നിരത്തുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. അനുമതി ദുരുപയോഗം ചെയ്താണ് തമ്പുരാൻകുന്ന് മാന്തിയെടുക്കുന്നതെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ സ്റ്റോപ് മെമ്മോ നൽകുമെന്ന് ജിയോളജി വകുപ്പ് അധികൃതർ ഉറപ്പ് നൽകി. പ്രദേശത്ത് മൂന്നാം ദിവസവും പ്രതിഷേധം തുടരുകയാണ്.
പ്രദേശത്തെ പ്രധാന ശുദ്ധജലസ്രോതസ്സായ കുന്ന് ഇടിച്ചുനിരത്തുന്ന പ്രക്രിയ വർഷങ്ങളായി തുടരുകയാണ്. കുന്നിടിച്ച് നിരത്തി നിർമാണ പ്രവർത്തനം നടത്തുന്നത് പ്രദേശത്തിന്റെ സന്തുലിതാവസ്ഥക്ക് ഭീഷണിയാകുകയാണ്. രണ്ടു മാസം മുമ്പ് സ്വകാര്യ വ്യക്തികൾ കുന്നിടിക്കാൻ തുടങ്ങിയതിനെതിരെ പ്രദേശവാസികൾ പ്രതിഷേധിച്ചതോടെ നിർത്തിയിരുന്നു. എന്നാൽ, സന്നാഹങ്ങളൊരുക്കി മൂന്നുദിവസം മുമ്പ് കുന്നിടിക്കുന്നത് വീണ്ടും ആരംഭിച്ചു. ഇതോടെ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരുമെത്തി പ്രതിഷേധിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസും സ്ഥലത്തെത്തി.
വികസനം മറയാക്കി ലഭിച്ച അനുമതിയുടെ ബലത്തിലാണ് കുന്നിടിക്കുന്നത്. ജിയോളജി വകുപ്പിന്റെ അനുമതിയോടെ ദേശീയപാതയുടെ നിർമാണത്തിന് മണ്ണെടുക്കുകയാണെന്ന് പറഞ്ഞാണ് മണ്ണ് കടത്തുന്നത്. നാട്ടുകാർ പ്രതിഷേധിച്ചതോടെ ജിയോളജി വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനകം നൂറിലധികം ലോഡ് മണൽ തമ്പുരാൻകുന്നിൽ നിന്ന് കോരിയെടുത്ത് കടത്തിയിട്ടുണ്ട്.
ജില്ല പരിസ്ഥിതി ഏകോപന സമിതി കൺവീനർ കെ.ഇ. കരുണാകരൻ, എൻ. സുബ്രഹ്മണ്യൻ, കെ.പി. ചന്ദ്രാംഗദൻ, വി.വി. സുരേശൻ, സതീഷ് കുമാർ കുഞ്ഞിമംഗലം, സി. ശിവദാസൻ, പാറയിൽ രാജൻ, പ്രകാശൻ ചെങ്ങൽ, സിനാൻ ഉമ്മർ, രാജൻ കുട്ടമ്മത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.