പഴയങ്ങാടി: രാത്രികാല പട്രോളിങ്ങിനിറങ്ങിയ പഴയങ്ങാടി പൊലീസിന്റെ വാഹനത്തിൽ ലോറിയിടിച്ച് ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റുചെയ്തു. മാട്ടൂൽ നോർത്തിലെ എ. മുൻതസിർ (29), മാട്ടൂൽ സൗത്തിലെ ഇട്ടോൽ മുഹമ്മദ് റസൽ (21) എന്നിവരാണ് അറസ്റ്റിലായത്.
ഇവരെ പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തു. കേസിലെ പ്രധാന പ്രതികളെ കണ്ടെത്താനായിട്ടില്ല. പൊലീസ് വാഹനത്തിനിടിച്ച ലോറി ഒളിച്ചുകടത്താൻ സഹായിച്ചതിനും മണൽ കടത്തിന് അകമ്പടി പോയതിനുമാണ് രണ്ടു പേരെയും അറസ്റ്റുചെയ്തത്.
കഴിഞ്ഞ 10നായിരുന്നു കേസിനാസ്പദമായ സംഭവം. ആക്രമണത്തിൽ പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ അടക്കം മൂന്നുപേർക്ക് ലോറികൊണ്ടുള്ള ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റിരുന്നു. ലോറിയിടിച്ച് പൊലീസ് വാഹനത്തിന്റെ മുൻഭാഗം തകർത്തിരുന്നു.
പഴയങ്ങാടി ബസ് സ്റ്റാന്റഡിനടുത്ത് പുലർകാലത്ത് പൊലീസിനെ കണ്ട മണൽ കടത്ത് ലോറിയിലുണ്ടായിരുന്ന സംഘം ലോറി കൊണ്ട് പൊലീസ് വാഹനത്തിലിടിച്ച് രക്ഷപ്പെടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ ലോറി പിറകോട്ടെടുത്ത് പൊലീസ് വാഹനത്തിലിടിച്ച് അപകടപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.
എ.എസ്.ഐ ഗോപിനാഥൻ, പൊലീസ് വാഹനത്തിന്റെ ഡ്രൈവർ ശരത്, ഹോം ഗാർഡ് ബാലകൃഷ്ണൻ എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിലെ മറ്റു പ്രതികൾക്ക് വേണ്ടിയുള്ള ഊർജിതമായ അന്വേഷണത്തിലാണ് പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.