പഴയങ്ങാടി: പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത പിലാത്തറ - പാപ്പിനിശ്ശേരി പാത രാത്രി കാലങ്ങളിൽ ഇരുട്ടിലാണ്. കെ.എസ്.ടി.പി പാതക്കായി പദ്ധതികൾ ആസൂത്രണം ചെയ്യുകയും നിർമാണവും സ്ഥാപിക്കലുമൊക്കെ കൊട്ടിഘോഷിച്ച് നടത്തുകയും ചെയതെങ്കിലും പിന്നീട് അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. അപകടങ്ങൾ തുടർക്കഥയായ ഈ പാതയിൽ വാഹനങ്ങളുടെ അമിത വേഗത, നിയമലംഘനം എന്നിവ കണ്ടെത്തുന്നതിനായി മുപ്പത് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു.
നിരീക്ഷണ കാമറയിലെ ദൃശ്യങ്ങൾ നിരീക്ഷിച്ച് നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി പാത കടന്നു പോകുന്ന പരിധിയിലെ പഴയങ്ങാടി, കണ്ണപുരം പൊലീസ് സ്റ്റേഷനുകളിൽ കൺട്രോൾ റൂമും പ്രവർത്തിക്കുന്നു. എന്നാൽ രാത്രികാലങ്ങളിൽ വെളിച്ചമില്ലാത്തതിനാൽ വ്യക്തതയോടെയുള്ള ദൃശ്യങ്ങളല്ല ലഭ്യമാകുന്നത്. രാത്രി സമയങ്ങളിൽ അപകടം വിതക്കുന്ന വാഹനങ്ങളെ കാമറകളുണ്ടായിട്ടും കണ്ടെത്താനാവാത്ത അവസ്ഥയാണ്.
സേഫ്റ്റി ക്വാറിഡോർ പദ്ധതിക്കായി ഈ പാതയിൽ ചിലവഴിച്ചത് 184 ലക്ഷമാണ്. വാഹനങ്ങളുടെ നമ്പർ, വേഗത, നിയമലംഘനങ്ങൾ എന്നിവ കണ്ടെത്തുന്നതിനായി സ്ഥാപിച്ച എ.എൻ.പി.ആർ കാമറകളിൽ പഴയങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളത് പ്രവർത്തിക്കുന്നില്ല.
ഹനുമാരമ്പലം കവലക്കടുത്തായി സ്ഥാപിച്ച ഇനിയും പ്രവർത്തിക്കാത്ത എ.എൻ.പി.ആർ കാമറ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ടു. 21 കി.മി ദൈർഘ്യമുള്ള കെ.എസ്.ടി.പി പാതയിൽ 242 സോളാർ വിളക്കുകളുണ്ടെങ്കിലും പ്രകാശിക്കുന്നത് 12 എണ്ണമാണ്. റോഡിൽ വെളിച്ചമില്ലാത്തത് ചെറുതും വലുതുമായ വാഹനാപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.