പഴയങ്ങാടി: മത്സ്യത്തൊഴിലാളി വിഭാഗത്തിലെ തൊഴിലന്വേഷകർക്കായി നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിന്റെ കൂടി സഹകരണത്തോടെ ആരംഭിക്കുന്ന പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയായ ‘തൊഴിൽതീരം’ കല്യാശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല ജനപ്രതിനിധി- ഉദ്യോഗസ്ഥ യോഗം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി മണ്ഡലത്തിലെ അഭ്യസ്തവിദ്യരായ മത്സ്യബന്ധന സമൂഹത്തിലെ ഉദ്യോഗാർഥികൾക്ക് നോളജ് ഇക്കോണമി മിഷന്റെ തൊഴിൽ നൈപുണി പരിശീലനത്തിലൂടെ വൈജ്ഞാനിക തൊഴിൽ ലഭ്യമാക്കാനുള്ളതാണ് തൊഴിൽതീരം പദ്ധതി.
പദ്ധതിയുടെ പൈലറ്റ് പ്രവർത്തനങ്ങൾ കല്യാശ്ശേരി മണ്ഡലം ഉൾപ്പടെ സംസ്ഥാനത്തെ ഒമ്പത് തീരദേശ മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. മത്സ്യതൊഴിലാളി വിഭാഗത്തിലെ 18നും 40നും ഇടയിൽ പ്രായമുള്ള പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയോ അതിനു മുകളിലോ യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികളെ കണ്ടെത്തി തൊഴിൽ ലഭ്യമാക്കലാണ് ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി പ്രാദേശിക തലത്തിൽ ബോധവത്കരണ പരിപാടികൾ, കമ്യൂണിറ്റി വളന്റിയർമാരെ തിരഞ്ഞെടുക്കൽ, പ്രാദേശിക സംഗമങ്ങൾ, തൊഴിൽ ക്ലബ് രൂപവത്കരണം എന്നിവ നടത്തും. സെപ്റ്റംബറിൽ തൊഴിൽ മേളകൾ സംഘടിപ്പിച്ച് സ്വകാര്യ മേഖലകളിൽ യോഗ്യതകൾക്കനുസരിച്ചു തൊഴിൽ ലഭ്യമാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട സംഘാടക സമിതി യോഗം ജൂൺ 15ന് 3 മണിക്ക് എരിപുരത്ത് നടക്കും.
യോഗത്തിൻ നോളജ് മിഷൻ ജില്ല പോഗ്രാം ഓഫിസർ ജി.പി. സൗമ്യ സ്വാഗതം പറഞ്ഞു. നോളജ് മിഷൻ ഉദ്യോഗസ്ഥരായ പി.കെ. പ്രിജിത്, ഡയാന തങ്കച്ചൻ എന്നിവർ പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാന്മാർ, ഫിഷറീസ്, തൊഴിൽ, വ്യാവസായിക വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ, അസാപ്, ഐ.സി.ടി അക്കാദമി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ജയശ്രീ വിജയൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.