പഴയങ്ങാടി: റെയിൽവേ സ്റ്റേഷന് മുന്നിലെ പഴയങ്ങാടി - പുതിയങ്ങാടി റോഡിൽ പാതയോരത്ത് വാഹനങ്ങൾ പാർക്കു ചെയ്യുന്നത് ഗതാഗതത്തിന് തടസ്സമാകുന്നു. റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തും നാലാം പ്ലാറ്റ്ഫോമിനടുത്തായി റെയിൽവേ സ്റ്റേഷന്റെ പിൻഭാഗത്തുമായി പേ പാർക്കിങ് സംവിധാനം നിലവിലിരിക്കെയാണ് പാതയോരത്ത് അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നത്.
റെയിൽവേ സ്റ്റേഷന്റെ അധീനതയിലുള്ള പാർക്കിങ് സംവിധാനത്തെ കുറിച്ചും വ്യാപകമായ പരാതിയുണ്ട്. സ്റ്റേഷന്റെ മുൻഭാഗത്തുള്ള പാർക്കിങ് സംവിധാനം ശാസ്ത്രീയമായ രീതിയിൽ സംവിധാനിച്ചിട്ടില്ല. റെയിൽവേ സ്റ്റേഷനിലേക്ക് കടന്നു പോകേണ്ട വഴിയിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തിയിടുന്നത് ടിക്കറ്റ് കൗണ്ടറിലേക്കും ഒന്നാം പ്ലാറ്റ് ഫോമിലേക്കും യാത്രക്കാർക്ക് നടന്നു പോകാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നു.
രോഗികളും അവശരുമായ യാത്രക്കാരുമായി എത്തുന്ന വാഹനങ്ങൾക്ക് സുഗമമായി കടന്നു പോകാനോ തിരിച്ചു വരാനോ കഴിയാത്ത രീതിയിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. പേ പാർക്കിങ്ങിനു നൽകുന്ന പൈസ ലാഭിക്കാനാണ് റോഡരികിൽ നിരയായി നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
രാവിലെ വിദൂര സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ റെയിൽവേ സ്റ്റേഷനിൽ ഇരുചക്ര വാഹനങ്ങളിലെത്തി പാതയോരത്ത് നിർത്തിയിടുന്ന വാഹനങ്ങളിൽ ഭൂരിഭാഗവും രാത്രിയിൽ ട്രെയിനിൽ മടങ്ങിയെത്തിയതിനു ശേഷം മാത്രമാണ് തിരിച്ചെടുക്കുന്നത്. പകൽ സമയങ്ങളിൽ ഒട്ടനവധി വാഹനങ്ങൾ പുതിയങ്ങാടി റോഡിന്റെ ഓരത്ത് നിരയായി നിർത്തിയിടുന്നത് പതിവ് കാഴ്ചയാണ്.
റെയിൽവേ സ്റ്റേഷന്റെ മുന്നിലുള്ള ആൽമരം മുതൽ 300 മീറ്ററോളം ദൈർഘ്യത്തിലാണ് വാഹനങ്ങളുടെ നിര.
ബസുകളടക്കം നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന വീതി കുറഞ്ഞ ഈ പാതയുടെ ഓരത്ത് വാഹനങ്ങൾ നിർത്തിയിടുന്നതിനാൽ കാൽനടക്കാർക്ക് വാഹനങ്ങൾ വശം ചേർന്നു നടന്നു പോകാൻ കഴിയാത്ത ദുരവസ്ഥയാണ്. വീതി കുറഞ്ഞ ഈ പാത അപകട മേഖല കൂടിയായതിനാൽ കാൽനടയാത്രക്കാർക്ക് ഭീഷണിയുയർത്തുന്നു. പാതയോരത്തെ പാർക്കിങ് തടയുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.