എടക്കാട്: പ്രതിഷേധങ്ങൾക്കും ജനകീയ സമരങ്ങൾക്കും ഫലമായി എടക്കാട് അടിപ്പാതയൊരുങ്ങും. കണ്ണൂർ-തലശ്ശേരി ദേശീയപാതയുടെ പുതിയ ആറുവരിപ്പാത കടന്നുപോകുന്ന എടക്കാട് ബസാറിൽ റോഡിന്റെ ഇരുവശവും ചെറുവാഹനങ്ങളുൾപ്പെടെ കടന്നുപോകുന്നതിന് അടിപ്പാത നിർമിക്കാൻ ദേശീയപാത അതോറിറ്റി അധികൃതർ തത്ത്വത്തിൽ അനുമതി നൽകി.
നിലവിൽ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസ് സ്ഥിതിചെയ്യുന്ന സ്ഥലത്തിനും എടക്കാട് ബീച്ച് റോഡിനും ഇടയിലെ സ്ഥലമാണ് അടിപ്പാതക്ക് പരിഗണിക്കപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.
ഏഴു മീറ്റർ വീതിയിലും നാലു മീറ്റർ ഉയരത്തിലും നിർമിക്കുന്ന അടിപ്പാത കാൽനടക്കാർക്കും ചെറുവാഹനങ്ങൾക്കും സുഖമായി സഞ്ചരിക്കാൻ പാകത്തിലാണ് നിർമിക്കുക.
നിലവിലെ റോഡിൽനിന്ന് അൽപം ഉയർന്നുപോകുന്ന പുതിയ ദേശീയപാത വരുന്നതോടെ എടക്കാട് രണ്ടായി വിഭജിക്കപ്പെടുന്നതിനാൽ അടിപ്പാതക്കായുള്ള ആവശ്യം ശക്തമായിരുന്നു. പടിഞ്ഞാറ് കാടാച്ചിറ ഭാഗങ്ങളിൽനിന്നു വരുന്ന നിരവധി യാത്രക്കാർ പ്രയാസപ്പെടുന്നതോടൊപ്പം വ്യാപാര മേഖല ഉൾപ്പെടെ വലിയ പ്രതിസന്ധി നേരിടുന്ന അവസ്ഥയുമുണ്ടായി. അടിപ്പാതയില്ലെങ്കിൽ എടക്കാടുനിന്ന് തലശ്ശേരിയിലേക്കു പോകേണ്ട ബസ് യാത്രക്കാർ എടക്കാട് റെയിൽവേ സ്റ്റേഷനു മുന്നിൽ നിർമിക്കുന്ന അടിപ്പാതയെയും കണ്ണൂരിലേക്കു പോകേണ്ടവർ ഒരു കിലോമീറ്റർ അകലെ എടക്കാട് ഒ.കെ.യു.പി സ്കൂളിന്റെ ഭാഗത്ത് വരുന്ന അടിപ്പാതയെയും ആശ്രയിക്കേണ്ടിവരുമായിരുന്നു.
പ്രതിസന്ധി കണക്കിലെടുത്ത് ട്രാഫിക് ജാഗ്രത സമിതി കടമ്പൂർ പഞ്ചായത്തിൽ വിഷയം അവതരിപ്പിച്ചിരുന്നു. തുടർന്ന്, കടമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രേമവല്ലി ചെയർമാനായും എം.കെ. അബൂബക്കർ കൺവീനറായും അടിപ്പാത ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകുകയും ചെയ്തു.
മുഖ്യമന്ത്രിക്കും മറ്റു ജനപ്രതിനിധികൾക്കും നിവേദനം നൽകിയിരുന്നു. വിപുലമായ ജനകീയ കമ്മിറ്റിയുണ്ടാക്കി നടത്തിയ നിരന്തര പോരാട്ടത്തിന്റെ വിജയമാണ് അടിപ്പാത നിർമാണത്തിനുള്ള അനുമതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.