പേരാവൂർ: കുടകിലും കർണാടകത്തിെൻറ മറ്റ് ഭാഗങ്ങളിലുമായി ഇഞ്ചികൃഷിയിൽ ജീവിതം പച്ചപിടിപ്പിക്കാൻ ഇറങ്ങിയവർക്ക് ഇത്തവണ വിളവെടുപ്പ് നഷ്ടത്തിലായി. ഇഞ്ചിക്ക് വിലയിടിഞ്ഞതോടെ മുതൽമുടക്കുപോലും തിരിച്ചുപിടിക്കാനാകാത്ത സ്ഥിതിയാണ്. കേരളത്തെ അപേക്ഷിച്ച് അയൽ സംസ്ഥാനങ്ങളിലാണ് മലയാളികളായ കർഷകർ കൂടുതൽ ഇഞ്ചി കൃഷിചെയ്യുന്നത്.
പഴയ ഇഞ്ചി ചാക്കിന് (60 കിലോ ഗ്രാം) 1,750ഉം പുതിയ ഇഞ്ചിക്ക് 450-500ഉം രൂപയാണ് നിലവിൽ വില. മുളയിഞ്ചിക്ക് 300 രൂപയിൽ താഴെയും. മുളയിഞ്ചി വാങ്ങുന്നതിൽ കച്ചവടക്കാർ വിമുഖത കാട്ടുകയുമാണ്. പഴയ ഇഞ്ചി ചാക്കിന് കഴിഞ്ഞവർഷം 6,000 രൂപയായിരുന്നു വില. രണ്ടുമാസം മുമ്പ് 2,600 രൂപയായിരുന്നു വില. വില ഉയരുമെന്ന പ്രതീക്ഷയിൽ കർഷകരിൽ ഏറെയും വിളവെടുപ്പ് നടത്തിയില്ല. എന്നാൽ, കൃഷിക്കാരുടെ കണക്കുകൂട്ടലിന് വിപരീതമായി ഇഞ്ചിവില ഗണ്യമായി കുറഞ്ഞു. സ്ഥലത്തിെൻറ പാട്ടക്കാലാവധി കഴിഞ്ഞതിനാൽ ഇഞ്ചി വിളവെടുക്കാൻ കർഷകർ നിർബന്ധിതരുമായി.
പുതിയ ഇഞ്ചി വിലയിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ 50 ശതമാനം കുറവാണുണ്ടായത്. ജൂലൈയിൽ പുതിയ ഇഞ്ചി, ചാക്കിന് 1,000 രൂപയായിരുന്നു വില. 2014ൽ ഇഞ്ചി കിലോഗ്രാമിനു 150 രൂപ വിലയെത്തിയ സ്ഥാനത്താണ് ചാക്കിന് 450-500 രൂപ എന്ന നിലയിലേക്ക് കൂപ്പുകുത്തിയത്.കോവിഡ് പശ്ചാത്തലത്തിൽ പ്രധാന വിപണികളുടെ പ്രവർത്തനം ഭാഗികമായതിനാൽ ഇഞ്ചി കയറ്റിപ്പോകാത്തതാണ് ഇപ്പോഴത്തെ വിലക്കുറവിെൻറ കാരണങ്ങളിലൊന്ന്.
ഇഞ്ചി വിലയിലെ കുറവുമൂലം കനത്ത നഷ്ടമാണ് ഉണ്ടായതെന്ന് കർണാടകത്തിൽ കൃഷിചെയ്യുന്ന മലയോരത്തെ കർഷകർ പറഞ്ഞു. കർണാടകയിൽ മൈസൂരു, മാണ്ഡ്യ, ചാമരാജ്നഗർ, കുടക്, ശിവമാേഗ ജില്ലകളിലാണ് പ്രധാനമായും കേരളത്തിൽനിന്നുള്ള കർഷകരുടെ ഇഞ്ചികൃഷി. ഒറ്റക്കും കൂട്ടായും ഇഞ്ചികൃഷി നടത്തുന്ന മലയാളികളുടെ എണ്ണം നൂറുകണക്കിനുണ്ട്. ഏതാനും വർഷമായി ഇവിടങ്ങളിൽ തദ്ദേശീയരും ഇഞ്ചികൃഷി തുടങ്ങിയിട്ടുണ്ട്.
ഇഞ്ചികൃഷി ചെലവ് ഓരോ വർഷവും ഉയരുകയാണ്. ഒരേക്കറിൽ ഇഞ്ചികൃഷി ചെയ്യുന്നതിന് ആറുലക്ഷം രൂപ വരെ ചെലവുണ്ട്. ഒരേക്കർ കരഭൂമിക്ക് 80,000 മുതൽ ഒരുലക്ഷം രൂപവരെയാണ് 18 മാസത്തേക്കുള്ള പാട്ടത്തുക. ജലസേചന സൗകര്യമുള്ള വയൽ ഏക്കറിന് ഒന്നര ലക്ഷം രൂപവരെ നൽകണം. വിത്ത്, ചാണകം, പുതയിടൽ, ജലസേചനത്തിനുള്ള പണികൾ, പണിക്കൂലി എന്നീ ഇനങ്ങളിലും വലിയ തുക മുടക്കണം. ഇഞ്ചിപ്പാടത്തെ പണിക്ക് തദ്ദേശ തൊഴിലാളികളിൽ പുരുഷന്മാർക്ക് 500ഉം സ്ത്രീകൾക്ക് 400ഉം രൂപയാണ് ദിവസക്കൂലി. കേരളത്തിൽനിന്ന് കൊണ്ടുപോകുന്ന തൊഴിലാളികൾക്ക് കൂടുതൽ കൂലി നൽകുന്നതിനൊപ്പം ഭക്ഷണ, താമസ സൗകര്യവും ഒരുക്കണം. മെച്ചപ്പെട്ട വിളവും വിലയും ലഭിച്ചാൽ മാത്രമാണ് ഇഞ്ചികൃഷി ലാഭകരമാവുക. വെള്ളപ്പൊക്കം, വരൾച്ച, മാരക രോഗബാധ എന്നിവയില്ലെങ്കിൽ ഏക്കറിൽ 18,000 കിലോഗ്രാം (300 ചാക്ക്) ഇഞ്ചിയാണ് ശരാശരി വിളവ്. മണ്ണിെൻറ ഗുണവും മികച്ച പരിപാലനവും ഉയർന്ന വിളവിന് സഹായകമാണ്. ഏക്കറിൽ 30,000 കിലോഗ്രാം വരെ വിളവ് ലഭിക്കുന്ന കർഷകരുമുണ്ട്. മെച്ചപ്പെട്ട വിളവും ചാക്കിന് 3,000 രൂപ വിലയും ലഭിച്ചാൽ കൃഷി ലാഭകരമാകുമെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.