പേരാവൂർ: കക്കുവ പുഴ ഗതിമാറി ഒഴുകിയതിനെത്തുടർന്ന് ആറളം ഫാം പുനരധിവാസ മേഖലയിലെ ആദിവാസി കുടുംബത്തിന്റെ പുരയിടം ഇടിഞ്ഞ് വീട് ഭീഷണിയിൽ. ബ്ലോക്ക് 11 ലെ താമസക്കാരിയായ അമ്മിണിയുടെ വീടും പുരയിടവുമാണ് മണ്ണിടിച്ചിൽ ഭീഷണിയിലായത്. അമ്മിണിയുടെ ഒരേക്കർ സ്ഥലത്തെ 15 സെന്റോളം പുഴയിലേക്ക് ഇടിഞ്ഞു താണു. ഇതിലെ കായ്ഫലമുള്ള തെങ്ങും മണ്ണിനൊപ്പം പുഴയിലേക്ക് വീണു. കക്കുവ പുഴയുടെ പലഭാഗത്തും മണ്ണും മണലും വന്നടിഞ്ഞ് വലിയ മൺതിട്ടകൾ രൂപപ്പെട്ട നിലയിലാണ്. ഇതുമൂലം വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതാണ് പുഴ ഗതിമാറി ഒഴുകാൻ ഇടയാക്കിയത്. മഴ ശക്തമാകുന്നതോടെ പുഴയിലുണ്ടാകുന്ന കുത്തൊഴുക്കിൽ അമ്മിണിയുടെ പുരയിടം ഇനിയും ഇടിയാനാണ് സാധ്യത എന്നതിനാൽ കുടുംബം ഏറെ ആശങ്കയിലാണ്. പുഴയിൽ വന്നടിഞ്ഞ മണ്ണും മണലും നീക്കി എത്രയും പെട്ടെന്ന് വെള്ളമൊഴുക്ക് സുഗമാക്കിയെങ്കിൽ മാത്രമേ ഈ പ്രതിസന്ധിക്കു പരിഹാരമുണ്ടാവുകയുള്ളൂ. ആറളം വില്ലേജ് ഓഫിസർ എ.എം. ജോൺ, സ്പെഷൽ വില്ലേജ് ഓഫിസർ പി.ബി. പ്രകാശൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
കാറ്റ്: ഉളിയിൽ വളവിൽ ട്രാൻസ്ഫോമർ തകർന്നു
ഇരിട്ടി: കനത്ത കാറ്റിലും മഴയിലും ഉളിയിൽ വളവിൽ ട്രാൻസ്ഫോമർ തകർന്നു വീണു. ശനിയാഴ്ച ഉച്ചക്ക് മൂന്നോടെയുണ്ടായ ശക്തമായ കാറ്റിലാണ് ട്രാൻസ്ഫോമർ നിലംപൊത്തിയത്. ട്രാൻസ്ഫോമർ അനുബന്ധ പ്രധാനവൈദ്യുതി ലൈനുകളും തകർന്നിട്ടുണ്ട്. ആളില്ലാത്ത സമയമായതിനാൽ വൻ അപകടമാണൊഴിവായത്. മേഖലയിൽ വൈദ്യുതി ബന്ധവും നിലച്ചു.
ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി ചെമ്പേരി റോഡിൽ നിടിയേങ്ങ ബാങ്കിനുസമീപത്ത് റോഡരികിലെ മരക്കമ്പ് വൈദ്യുതി ലൈനിൽ പൊട്ടിവീണു. തലനാരിഴക്ക് വൻ ദുരന്തം ഒഴിവായി. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ചയാണ് സംഭവം. വിവരമറിഞ്ഞയുടൻ കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തി ലൈൻ ഉയർത്തിക്കെട്ടിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. ചെമ്പന്തൊട്ടി ടൗണിനും സ്കൂളിനും മധ്യേയുള്ള സ്ഥലത്തായിരുന്നു മരം വീണത്. അപകടം സ്കൂൾ കുട്ടികളടക്കമുള്ള കാൽനടയാത്രികർ കടന്നുപോകുന്നതിനിടെയായിരുന്നുവെങ്കിലും അധികൃതരുടെ ഇടപെടലിൽ ദുരന്തം വഴിമാറി. മുറിച്ചിട്ട മരക്കമ്പിൽത്തട്ടി സ്കൂൾ കുട്ടികൾ വീഴുകയും ചെയ്തിരുന്നു. അപകട സാധ്യത കണ്ട് ഈ മരം ഉടൻ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് സ്കൂൾ പി.ടി.എ കമ്മിറ്റിയും നാട്ടുകാരും പരാതി നൽകിയിട്ടും ഫലമുണ്ടായിരുന്നില്ല. മുറിച്ചുമാറ്റിയ മരക്കഷണങ്ങൾ റോഡിന്റെ പകുതി ഭാഗത്ത് കിടക്കുന്നത് വീണ്ടും അപകട ഭീതിയുയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.