പാപ്പിനിശ്ശേരി: അഴീക്കൽ തുറമുഖത്ത് വളപട്ടണം പുഴയിൽ മണലെടുക്കാൻ ഉടൻ അനുമതി ലഭിച്ചേക്കും. രണ്ടു വർഷം മുമ്പാണ് പഞ്ചായത്ത് കടവിൽ നിന്നുള്ള മണൽ വാരൽ കോടതി ഇടപെട്ട് നിർത്തലാക്കിയത്. ഇതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പഠനം നടത്താൻ കോടതി നിർദേശിച്ചിരുന്നു. തുടർന്ന് ഇന്ത്യയിലെ ടെക്നിക്കൽ കൺസൾട്ടൻസി ഓർഗനൈസേഷനായ കിറ്റ്കോ ലിമിറ്റഡ് പഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് ആദ്യ യോഗം ചേർന്നിരുന്നു.
കോസ്റ്റൽ സോൺ അതോറിറ്റിയുടെ എൻവയോൺമെന്റ് ക്ലിയറൻസ് കൂടി ലഭിച്ചാൽ പോർട്ട് അതോറിറ്റിക്ക് മണൽ വാരാൻ അനുമതി നൽകാനാകും.
ഇതു വേഗത്തിൽ പൂർത്തിയാകുമെന്നാണ് നിഗമനം. എന്നാൽ ആയിരത്തോളം മണൽത്തൊഴിലാളികൾ മാസങ്ങളായി തൊഴിലില്ലാതെ വലയുകയാണ്. പുഴയിൽ നിന്ന് തോണിയിൽ മണലെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ പലരും തിരിച്ചുപോയി. ലോറിയിൽ കടത്തുന്നവരും ഡ്രൈവർമാർ അടക്കം ദുരിതത്തിലാണ്. ഇത് അകാരണമായി നീളുന്ന സാഹചര്യത്തിൽ തൊഴിലാളികൾ യോഗം ചേർന്ന് സമരസമിതി രൂപവത്കരിച്ചു. പോർട്ട് ഓഫിസ് ധർണ ഉൾപ്പെടെ സമരം നടത്താൻ തീരുമാനിച്ചു. യോഗം തൊഴിലാളി നേതാവ് പി. ഷുഹൈബ് ഉദ്ഘാടനം ചെയ്തു. സർഫുദ്ദീൻ കാട്ടാമ്പള്ളി അധ്യക്ഷനായി. പി. അബ്ദുൽ ഖാദർ, വി.കെ. മൻസൂർ, പി. ശശിധരൻ, ജാഫർ മാങ്കടവ് എന്നിവർ സംസാരിച്ചു.
തുറമുഖത്ത് സമീപ പഞ്ചായത്തിലെ ഒമ്പതു കടവുകൾ വഴിയാണ് മണലെടുത്തിരുന്നത്. അഴീക്കോട് -രണ്ട് കടവുകൾ, വളപട്ടണം -മൂന്ന്, പാപ്പിനിശ്ശേരി -രണ്ട്, മടക്കര മാട്ടൂൽ -രണ്ട് എന്നിങ്ങനെയാണിത്. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലാണിത്. എന്നാൽ 2017 മുതൽ മണൽ കഴുകലുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ ഹൈകോടതിയിൽ നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ് രണ്ടുവർഷം മുമ്പ് മണൽ വാരൽ നിർത്തിയത്. ഹൈകോടതി നിരോധനനം ഏർപ്പെടുത്തിയതോടെ വിവിധ കടവുകളിലെ തൊഴിലാളികൾക്ക് ജോലിയില്ലാതായിരുന്നു. മണൽ മുങ്ങി വഞ്ചിയിൽ വാരി ശേഖരിക്കൽ, അരിച്ചെടുത്ത് കഴുകി ചളിനീക്കൽ, ലോറിയിലേക്ക് തലച്ചുമടായി നിറക്കൽ എന്നിവ അന്തർസംസ്ഥാന തൊഴിലാളികളാണ് ചെയ്യുന്നത്. ഇതോടെ നൂറുകണക്കിന് തൊഴിലാളികൾക്കാണ് ജോലി നഷ്ടപ്പെട്ടത്.
പൊന്നാനി മോഡൽ മണൽ ശുദ്ധീകരണത്തിന് അഴീക്കൽ തുറമുഖ വകുപ്പ് താൽപര്യപത്രം ക്ഷണിച്ചു. ഇതോടെ പരിസ്ഥിതി പ്രശ്നം ഒഴിവാകുമെന്നാണ് അധികൃതർ പറയുന്നത്. നിശ്ചിത ടൺ മണൽ കഴുകണം, പരിശീലനം ലഭിച്ച ആൾ വേണം തുടങ്ങിയവയാണ് നിബന്ധന. ഡിസംബർ 31നകം ടെൻഡർ നൽകണം. എന്നാൽ ഇത് തൊഴിൽ നഷ്ടമാക്കുമെന്ന് തൊഴിലാളികൾ പറയുന്നു. അതേസമയം, നിയമം ഭേദഗതി ചെയ്ത് മണൽ വിതരണം ഉദാരമാക്കാനും പഞ്ചായത്തുകൾക്ക് വരുമാനം കൂട്ടാനും സർക്കാർ തീരുമാനിച്ചത് തൊഴിലാളികളിൽ ഉണർവ് പകർന്നിട്ടുണ്ട്. പരിസ്ഥിതി സംരംക്ഷണ നിയമം ഭേദഗതി ചെയ്ത ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവൂ എന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.