കണ്ണൂർ: കോഴി അറവുമാലിന്യ സംസ്കരണത്തിൽ ആധുനിക സംവിധാനവുമായി ജില്ല ഭരണകൂടം. സംസ്ഥാനത്തെ ആദ്യ കോഴി അറവ് മാലിന്യരഹിത ജില്ലയെന്ന ബഹുമതി ഇതോടെ കണ്ണൂരിന് സ്വന്തമാകും. ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ എന്നിവയുടെ സംയുക്ത മേൽനോട്ടത്തിൽ ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിലാണ് മാലിന്യ സംസ്കരണത്തിൽ പുതിയൊരു ചുവടുവെപ്പിന് തുടക്കമിടുന്നത്.
പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും ജനുവരി ആദ്യം നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ശുചിത്വ മിഷെൻറ കണക്കുപ്രകാരം ജില്ലയിൽ പ്രതിദിനം 45 ടണ്ണിന് മുകളിൽ കോഴി അറവ് മാലിന്യം പുറന്തള്ളുന്നുവെന്നാണ് കണക്ക്. പെരുന്നാൾ അടക്കമുള്ള ഉത്സവദിവസങ്ങളിൽ ഇതിെൻറ കണക്ക് ഏതാണ്ട് ഇരട്ടിയോളം വരും. നിലവിൽ മാംസക്കടയിൽനിന്ന് സ്വകാര്യ കമ്പനികളും ഏജൻസികളും നിശ്ചിത തുക ഇൗടാക്കി ഈ മാലിന്യം ശേഖരിക്കുന്നതാണ് രീതി. കിലോക്ക് ഏഴ് രൂപ നിരക്കിലാണ് സ്വകാര്യ ഏജൻസികൾ മാലിന്യം കടകളിൽനിന്ന് ശേഖരിക്കുന്നത്. ഉത്സവ സീസണിൽ കിലോക്ക് 12 രൂപ മുതൽ 15 രൂപ വരെ ഇടാക്കുന്നതും പതിവാണ്.
എന്നാൽ, ഇത്തരത്തിൽ ശേഖരിക്കുന്ന മാലിന്യം മിക്കതും ശാസ്ത്രീയരീതിയിൽ സംസ്കരിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. സ്വകാര്യ ഏജൻസികൾ ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം ആളൊഴിഞ്ഞ പറമ്പിലും പുഴകളിലും കനാലുകളിലും തള്ളുകയാണ് പതിവ്. ഇത് പരിസരവാസികൾക്കും തദ്ദേശസ്ഥാപന മേധാവികൾക്കും മിക്കപ്പോഴും തലവേദന സൃഷ്ടിക്കുകയാണ് പതിവ്. ഇതിന് പരിഹാരമായാണ് മാലിന്യസംസ്കരണത്തിന് ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിൽ വേറിട്ട വഴി തിരഞ്ഞെടുത്തത്.
രണ്ട് ആധുനിക സംസ്കരണ പ്ലാൻറുകൾ
പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ആധുനിക സൗകര്യങ്ങളോടെ രണ്ട് സംസ്കരണ പ്ലാൻറുകളാണ് തയാറാക്കിയിട്ടുള്ളത്. ഒമ്പത് ടൺ മാലിന്യം സംസ്കരിക്കാൻ കഴിവുള്ള പ്ലാൻറ് പാപ്പിനിശ്ശേരിയിലും 35 ടൺ സംഭരണ ശേഷിയുള്ളത് മട്ടന്നൂരിലുമാണ് തയാറായിട്ടുള്ളത്. അതത് തദ്ദേശസ്ഥാപന മേധാവികളെ ഉൾപ്പെടുത്തി സംസ്കരണരീതി ശരിയായി ഉറപ്പുവരുത്താൻ നിരീക്ഷണ കമ്മിറ്റിയും രൂപവത്കരിച്ചു. ജില്ല കലക്ടർ എസ്. ചന്ദ്രശേഖറാണ് കമ്മിറ്റി ചെയർമാൻ.
ജില്ലയിലെ 55 പഞ്ചായത്തുകളും ഏഴ് നഗരസഭകളും മട്ടന്നൂർ മാലിന്യപ്ലാൻറ് നടത്തിപ്പുകാരുമായി സംസ്കരണത്തിനായുള്ള കരാറിലേർപ്പെട്ടിട്ടുണ്ട്.
പദ്ധതി പൂർണമായി യാഥാർഥ്യമായാൽ പൊതുസ്ഥലത്ത് അറവുമാലിന്യം തള്ളുന്നത് ഒരുപരിധിവരെ ഒഴിവാക്കാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. സ്വകാര്യ ഏജൻസിക്കാണ് പ്ലാൻറുകളുടെ നടത്തിപ്പുചുമതല. മിതമായ ഫീസ് ഈടാക്കിയാണ് ഈ ഏജൻസികൾ കോഴിക്കടകളിൽനിന്നും അറവ് കേന്ദ്രങ്ങളിൽനിന്നും മാലിന്യം ശേഖരിക്കുക.
പ്ലാൻറിലെത്തിക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്കരിച്ച് മത്സ്യതീറ്റയായി മാറ്റും. ഇതിനായി ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ എന്നിവ സംയുക്തമായി കോഴി കടയുടമകൾക്കും അറവ് ജീവനക്കാർക്കും പരിശീലനം നൽകാനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.