കണ്ണൂര്‍: സംസ്ഥാന പൊലീസ് മേധാവിയുടെ അദാലത്തിൽ വന്ന പരാതികളിൽ വിശദ അന്വേഷണം നടത്തി തീർപ്പുകൽപിക്കാൻ നിർദേശം. സിറ്റി, റൂറല്‍ പൊലീസ് പരിധികളിലെ എ.സി.പി, ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് തുടരന്വേഷണം നടത്തേണ്ടത്. പരാതിയിന്മേലുള്ള അന്വേഷണ റിപ്പോര്‍ട്ട് ജില്ല പൊലീസ് മേധാവികള്‍ വഴി സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിക്കും.
സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നേരിട്ടാണ് പരാതിക്കാരില്‍ നിന്ന് പരാതി സ്വീകരിച്ചത്. ജില്ലയിലെ ക്രമസമാധാന പ്രശ്നങ്ങള്‍, കുറ്റാന്വേഷണം തുടങ്ങിയവയെക്കുറിച്ച് അനില്‍കാന്ത് സിറ്റി പൊലീസ് മേധാവി, റൂറല്‍ പൊലീസ് മേധാവി, എ.സി.പി, ഡിവൈ.എസ്.പി എന്നിവരുമായി കൂടിയാലോചന നടത്തി. മാവോവാദി ബാധിത പൊലീസ് സ്റ്റേഷനുകളിലെ സ്ഥിതിഗതികളെക്കുറിച്ചും ചർച്ചചെയ്തു.
കണ്ണൂര്‍ സിറ്റി പൊലീസ് പരിധിയില്‍ നിന്നും 37 (21 പുരുഷന്, 16 സ്ത്രീ), കണ്ണൂര്‍ റൂറൽ പരിധിയില്‍ നിന്ന് 32 (21 പുരുഷന്, 11 സ്ത്രീ) പരാതികളുമാണ് അദാലത്തിലേക്ക് ലഭിച്ചത്. 20ന് വൈകീട്ട് അഞ്ചുവരെ പൊലീസ് പരാതി സെല്ലുകളില്‍ ഓണ്‍ലൈനായും നേരിട്ടും ലഭിച്ച പരാതികള്‍ക്ക് പുറമെ അദാലത്ത് നടക്കുന്ന സമയത്ത് പരാതിയുമായി ഡി.ജി.പിയെ നേരിട്ടു സമീപിച്ച പരാതികളും സ്വീകരിച്ചു. ബുധനാഴ്ച രാത്രി വൈകിയാണ് അദാലത്ത് അവസാനിച്ചത്. ജില്ലയിലെ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാരുമായും ഓണ്‍ലൈന്‍ വഴി ആശയവിനിമയം നടത്തി.
ഉത്തരമേഖല ഐ.ജി അശോക് യാദവ്, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കെ. സേതുരാമന്, കണ്ണൂര്‍ സിറ്റി പൊലീസ് മേധാവി ആർ. ഇളങ്കോ, കണ്ണൂര്‍ റൂറല്‍ എസ്.പി നവനീത് ശര്‍മ തുടങ്ങിയവരും ജില്ലയിലെ മറ്റ് പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.