കണ്ണൂർ: തളിപ്പറമ്പിൽ കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പുനടത്തി നിക്ഷേപകരെ വഞ്ചിച്ചു പണവുമായി മുങ്ങിയ 22 വയസ്സുകാരനെതിരെ പൊലീസ് ഒടുവിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മത്സ്യവ്യാപാരിയായ പുളിമ്പറമ്പ് സ്വദേശി സുമയ്യ മൻസിലിൽ എം. മദനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കാക്കത്തോട്ടിൽ ക്രിപ്റ്റോ കറൻസിയുടെ മറവിൽ ഡിജിറ്റൽ പണമിടപാട് സ്ഥാപനം നടത്തിവരുകയും ഒരു ദിവസം മുങ്ങുകയും ചെയ്ത ചപ്പാരപ്പടവ് സ്വദേശി അബിനാസിനെതിരെയും (22) ഇയാളുടെ പാർട്ണർ കെ.പി. സുഹൈറിനെതിരെയുമാണ് പൊലീസ് കേസെടുത്തത്. ഇരുവർക്കുമെതിരെ വഞ്ചനക്കുറ്റത്തിന് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ജൂലൈ 17ന്, പ്രതികൾ നടത്തിവന്ന ക്രിപ്റ്റോ കറൻസി സ്ഥാപനത്തിൽ വൻ ലാഭവിഹിതം ഓഫർചെയ്തു നാലുലക്ഷം രൂപ നിക്ഷേപിച്ചുവെങ്കിലും പണമോ ലാഭവിഹിതമോ നൽകിയില്ലെന്നാണ് കേസ്.
നേരത്തെ രഹസ്യാന്വേഷണവിഭാഗം, കോടികൾ തിരിമറി നടന്ന തട്ടിപ്പിനെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. പ്രഥമദൃഷ്ട്യാ പരാതിയിൽ കഴമ്പുണ്ടെന്നു തെളിഞ്ഞതിനെ തുടർന്നാണ് തളിപ്പറമ്പ് മാർക്കറ്റിലെ മത്സ്യവ്യാപാരിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ഇനിയും കൂടുതൽ പേർ പരാതിയുമായി രംഗത്തുവന്നേക്കാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
കഴിഞ്ഞ മാസം ജൂലൈ 27നാണ് ക്രിപ്റ്റോ കറൻസി ഇടപാടിലൂടെ നിരവധി ഇടപാടുകാരെ വഞ്ചിച്ചുവെന്ന പരാതി ഉയർന്നത്. പണം നഷ്ടപ്പെട്ടവരിൽ സാധാരണക്കാർ മുതൽ വീട്ടമ്മമാർ, പ്രവാസികൾ, വൻകിട ബിസിനസുകാർ, ചില രാഷ്ട്രീയ നേതാക്കൾ, റിയൽ എസ്റ്റേറ്റുകാർ എന്നിങ്ങനെ വൻനിര തന്നെയുണ്ടെന്നാണ് വിവരം.
പ്രവാസികളുടെ ഭാര്യമാരായ ചില വീട്ടമ്മമാർ വീട്ടിലുള്ള സ്വർണാഭരണങ്ങളാണ് അബിനാസിന് നിക്ഷേപമായി നൽകിയത്. തട്ടിപ്പുനടത്തി അബിനാസ് മുങ്ങിയ വാർത്ത പരന്നതിനെ തുടർന്ന് വിവിധകോണുകളിൽ നിന്നും സോഷ്യൽ മീഡിയയിലൂടെ കൂട്ടക്കരച്ചിലാണ് ഉയർന്നത്. ഇതിനു ശേഷം പണം നൽകിയ നിക്ഷേപകരെയും വാർത്ത നൽകിയ മാധ്യമ പ്രവർത്തകനെയും കുറ്റപ്പെടുത്തി അബിനാസിനെ പിന്തുണക്കുന്ന ഒരുവിഭാഗവും രംഗത്തിറങ്ങിയിരുന്നു. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി അബിനാസിനായി ന്യായീകരണ ക്യാപ്സൂൾ ഇറക്കിയവരെയും ചോദ്യം ചെയ്തേക്കും.
കെ.പി. സുഹൈർ മുഖേനയാണ് തളിപ്പറമ്പിന്റെ പുറത്തുനിന്നും പണം സമാഹരിച്ചത്. അബിനാസ് മുങ്ങിയതിനെ തുടർന്ന് സുഹൈറിനെ നിക്ഷേപകരിൽ ചിലർ തട്ടിക്കൊണ്ടുപോവുകയും മർദിച്ചതിനു ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. സുഹൈറിനെ മർദിച്ച സംഭവത്തിൽ അഞ്ചുപേർ റിമാൻഡിലാണ്.
അതേസമയം താൻ റോക്കി ഭായിയാണെന്നും വിശ്വസിച്ചവരെ വഞ്ചിക്കില്ലെന്നും എല്ലാവരുടെയും പണവുമായി തിരിച്ചുവരുമെന്നും അബിനാസ് രണ്ടാഴ്‌ച മുമ്പ് ഒരു ഇൻസ്റ്റഗ്രാം വിഡിയോ ചെയ്തിരുന്നു. ഇതു കൊച്ചിയിലെ ഒരു ആഡംബര ഹോട്ടലിൽനിന്നാണ് പോസ്റ്റു ചെയ്തതെന്നാണ് പൊലീസിന്റെ സംശയം.
സൈബർ പൊലീസിന്റെ അന്വേഷണണത്തിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്. ഇയാൾ അവിടെ നിന്നും നിക്ഷേപകർക്ക് പണം തിരിച്ചുനൽകുമെന്നും കേസ് നൽകിയാൽ പണം തിരിച്ചുകിട്ടില്ലെന്ന് നിക്ഷേപകർ ഓർക്കണമെന്നും മുന്നറിയിപ്പു നൽകിക്കൊണ്ട് ഇൻസ്റ്റഗ്രാം വിഡിയോ തളിപ്പറമ്പിലെ വാട്സ്ആപ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.