കണ്ണൂര്‍: ചൊക്ലി, പാനൂര്‍, കൊളവല്ലൂർ, ന്യൂ മാഹി സ്റ്റേഷന് പരിധികളില്‍ മേയ് രണ്ടുമുതൽ നാലുവരെ ജില്ല ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനെ തുടർന്ന് ചൊക്ലി പൊലീസ് സ്റ്റേഷൻ പരിധിയിൽ രാഷ്ട്രീയ സംഘട്ടനങ്ങൾ നടന്നതിനാലും പ്രദേശത്ത് കോവിഡ് വ്യാപന തോത് കൂടുതലായതിനാലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഏതെങ്കിലും തരത്തിലുള്ള ആഹ്ലാദ പ്രകടനങ്ങളോ ഘോഷയാത്രയോ ഒത്തുചേരലോ കർശനമായി നിരോധിച്ചിട്ടുണ്ട്. മാരകയുധങ്ങളോ മറ്റ് ആക്രമണായുധങ്ങളോ കൊണ്ടുപോകൽ, പൊതുസ്ഥലത്ത് പ്രകോപനപരമായ മുദ്രാവാക്യങ്ങളും ജാഥകളും നടത്തൽ, പൊതുസ്ഥലത്ത് വ്യക്തികൾ, ജീവികൾ, പ്രതിമകൾ, പോസ്റ്റര്‍ എന്നിവയുടെ പ്രദർശനം തുടങ്ങിയവ കർശനമായി തടയും.
അനാവശ്യമായി മൂന്നോ അതിലധികമോ വ്യക്തികള്‍ പൊതുസ്ഥലത്ത് കൂട്ടം കൂടുന്നത് കര്‍ശനമായി നിരോധിച്ചു. ആഹ്ലാദ പ്രകടനങ്ങള്‍ക്കോ മൈക്കുകൾ ഉപയോഗിക്കുന്നതിനോ ഘോഷയാത്രകൾക്കോ പൊലീസ് അനുമതി നൽകില്ല. മാത്രമല്ല, അത്തരം ആവശ്യങ്ങൾക്കായി സ്ഥാപിച്ച എല്ലാ പന്തലുകളും അനുബന്ധ സംവിധാനങ്ങളും പൊലീസ് നീക്കം ചെയ്യും. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.