കണ്ണൂർ: കണ്ണൂക്കരയിൽ കെ-റെയിൽ സിൽവർ ലൈൻ കല്ലിടൽ തടയാൻ ശ്രമിച്ചതിന് കോർപറേഷൻ ഡെപ്യൂട്ടി മേയർ ഉൾപ്പെടെ അറസ്റ്റിൽ.
ഡെപ്യൂട്ടി മേയർ കെ. ഷബീന ടീച്ചർ, മുൻ കൗൺസിലർ കെ. ഷെഫീക്ക്, സമരസമിതി നേതാക്കളായ കെ.ജി. ബാബു, സി. മുഹമ്മദ് ഇംതിയാസ്, കെ.സി. സുഷമ, സി.കെ. കരുണാകരൻ, പി.സി. ഹുസൈൻ, എം. ശാസിർ, ബിനിൽ കണ്ണൂർ, എം.വി. ഷഗിൽ എന്നിവരെയാണ് കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റുചെയ്തത്.
കെ- റെയിൽ കല്ലിടൽ തടഞ്ഞതിനെത്തുടർന്ന് ബലം പ്രയോഗിച്ചായിരുന്നു അറസ്റ്റ്. വ്യാഴാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് നേതാക്കളും പ്രവർത്തകരും സ്റ്റേഷനിലെത്തി. പൊലീസ് ഉദ്യോഗസ്ഥരുമായി ഏറെനേരം വാക്കുതർക്കവും ഉണ്ടായി. അറസ്റ്റ് ചെയ്ത് സിറ്റി സ്റ്റേഷനിൽ കൊണ്ടുപോയ നേതാക്കളെ വൈകീട്ട് വിട്ടയച്ചു. തുടർന്ന് ഇവർക്ക് കണ്ണൂക്കര കുളത്തിനടുത്ത് സ്വീകരണം നൽകി.
സമരസമിതി നേതാക്കളെ അറസ്റ്റ് ചെയ്തതറിഞ്ഞ് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, രാജീവൻ എളയാവൂർ, റിജിൽ മാക്കുറ്റി, ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ്, സി. സമീർ, മുൻ മേയർ സീനത്ത്, വെൽഫെയർ പാർട്ടി നേതാവ് പള്ളിപ്രം പ്രസന്നൻ തുടങ്ങിയവർ സ്റ്റേഷനിലെത്തി.
ഡെപ്യൂട്ടി മേയറടക്കമുള്ള 10 സമരസമിതി നേതാക്കളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. ബലപ്രയോഗത്തിലൂടെയും ജനങ്ങളുടെ ന്യായമായ പ്രതിഷേധത്തെ അടിച്ചമർത്തിയും റെയിൽ പദ്ധതി നടപ്പാക്കാനാകുമെന്നത് സർക്കാറിന്റെ വ്യാമോഹം മാത്രമാണെന്ന് കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല ചെയർമാൻ എ.പി. ബദറുദ്ദീൻ, ജില്ല കൺവീനർ അഡ്വ. പി.സി. വിവേക് എന്നിവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
കെ-റെയിൽ വിരുദ്ധ സമരപോരാട്ടത്തെ ജനനേതാക്കളെയും ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും അറസ്റ്റ് ചെയ്ത് തകർക്കാൻ കഴിയുമെന്നത് മൗഢ്യമാണെന്ന് ജില്ല മുസ്ലിം ലീഗ് പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദും ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരിയും പ്രസ്താവനയിൽ പറഞ്ഞു. ഭരിക്കുന്നവരുടെ ആജ്ഞാനുവർത്തികളായി സി.പി.എമ്മിന് ദാസ്യവേലയെടുക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കെ-റെയിൽ വിരുദ്ധ സമരത്തിന്റെ പേരിൽ കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന ഉൾപ്പെടെയുള്ള ജനപ്രതിനിധികളെയും നാട്ടുകാരെയും കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ മേയർ അഡ്വ. ടി.ഒ. മോഹനൻ പ്രതിഷേധിച്ചു.
ജനകീയ വിഷയങ്ങളിൽ ഇടപെടുന്ന ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ അറസ്റ്റുചെയ്ത് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള പൊലീസ് നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.