പുതിയതെരു: വെള്ളിയാഴ്ച പുലർച്ചയോടെ പുതിയ തെരുവിൽ വ്യാപാര സ്ഥാപനങ്ങളിൽ ഉണ്ടായ തീപിടിത്തത്തിൽ ഏകദേശം അഞ്ചു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. പുതിയതെരുവിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഓടുമേഞ്ഞ കെട്ടിടമാണ് കഴിഞ്ഞ ദിവസം പുലർച്ചെ 12.10ഓടെ കത്തിനശിച്ചത്. കാട്ടാമ്പള്ളി റോഡിൽ രാമഗുരു യു.പി സ്കൂളിനു സമീപത്ത് പ്രവർത്തിക്കുന്ന സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള മരത്തിന്റെ ഗോഡൗൺ പൂർണമായും കത്തിനശിച്ചു. വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തീപിടിത്തത്തിനുഉള്ള കാരണം വ്യക്തമല്ല. മരക്കമ്പനിയുടെയും ടൈൽസ് കമ്പനിയുടെയും മേൽക്കൂര പൂർണയായും തകർന്നു. സമീപത്തുണ്ടായിരുന്ന ഒരു വർക് ഷോപ്പിനും കേടുപറ്റി. കോഡീസ് മരം പ്ലെയിനർ ഷോപ്പ്, ബർക്കാത്ത് ടൈൽ ഷോപ്പിന്റെ ഗോഡൗൺ എന്നിവയും കത്തിനശിച്ചു.
മേൽക്കുരയും പ്ലെയിനർ ഷോപ്പിലെ മര ഉരുപ്പടികൾക്കുമാണ് തീപിടിച്ചത്. യന്ത്രങ്ങളും ഏറക്കുറെ കത്തിനശിച്ച നിലയിലാണ്. പട്രോളിങ് നടത്തുകയായിരുന്ന പൊലീസിനെ വഴിയാത്രക്കാരൻ വിവരം ധരിപ്പിച്ചതിനെ തുടർന്ന് അഗ്നിരക്ഷസേനയെ വിവരമറിയിക്കുകയായിരുന്നു.
ടൈൽസ് ഗോഡൗണിന്റെ ഭാഗത്തുനിന്നാണ് ആദ്യം പുക ഉയർന്നതെന്ന് പരിസരവാസികൾ പറഞ്ഞു. നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും ആളിപ്പടരുകയായിരുന്നു. കണ്ണൂരിൽനിന്നെത്തിയ മുന്ന് യൂനിറ്റും തളപ്പറമ്പിൽനിന്നുള്ള ഒരു യൂനിറ്റും അഗ്നിരക്ഷാസേന ഏറെ പണിപ്പെട്ടാണ് തീയണച്ചതും കൂടുതൽ പ്രദേശത്തേക്ക് തീപടരുന്നത് ഒഴിവാക്കിയതും.
കെട്ടിടത്തിനു മുൻവശത്ത് പ്രവർത്തിക്കുന്ന ഹേട്ടൽ അദ്വൈതം, ആറുട്ടി ജുസ് ഷോപ് എന്നിവിടങ്ങളിലേക്ക് തീ വ്യാപിക്കുന്നത് തടയാൻ കഴിഞ്ഞതോടെയാണ് വൻ ദുരന്തം ഒഴിവായത്. അദ്വൈതം ഹോട്ടലിൽ നാലോളം ഗ്യാസ് സിലിണ്ടറുകൾ അകത്തുണ്ടായിരുന്നു. കട വെട്ടിപ്പൊളിച്ചാണ് സിലിണ്ടറുകൾ പുറത്തെടുത്തത്. ഹോട്ടലിലേക്ക് തീപടർന്നില്ലെങ്കിലും അഗ്നിരക്ഷസേന തീകെടുത്താൻ ഉപയോഗിച്ച അഴുക്കുവെള്ളം ഹോട്ടലിനകത്തും നിറഞ്ഞു. ഇതുകാരണം ഹോട്ടൽ ഇന്നലെ തുറന്നു പ്രവർത്തിക്കാനായില്ല. നാട്ടുകാരും തീ അണയ്ക്കാൻ അഗ്നിരക്ഷസേന സഹായിക്കാൻ രംഗത്തുണ്ടായിരന്നു. വളപട്ടണം പൊലീസും സ്ഥലത്തെത്തി.
കണ്ണൂർ അഗ്നിരക്ഷനിലയത്തിലെ സ്റ്റേഷൻ ഓഫിസർ ടി. അജയൻ, അസി. സ്റ്റേഷൻ ഓഫിസർ സി.ഡി. റോയ്, സീനിയർ ഫയർ ഓഫിസർ രാജീവൻ, ഫയർമാന്മാരായ ധനേഷ്, അവിനേഷ്, പി. ജയൻ, അനുഷ, അമിത, ഷജിൽ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. വെള്ളിയാഴ്ച രാവിലെ ഇതേസ്ഥലത്ത് വീണ്ടും തീപടർന്നെങ്കിലും നാട്ടുകാരും ഫയർഫോഴ്സുമെത്തി തീയണച്ചു.
വൻ തീപിടിത്തം ഉണ്ടായ പുതിയതെരു കുന്നിന് താഴെയുള്ള ഗോഡൗണുകൾ കെ.വി. സുമേഷ് എം.എൽ.എ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി പി.എം. അബ്ദുൽ മനാഫ് എന്നിവർ സന്ദർശിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമൂഹ്യ പ്രവർത്തകരും കത്തിനശിച്ച കടകൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.