കണ്ണൂർ: ഗുണനിലവാരമുള്ള ഉൽപന്നങ്ങൾ ചുരുങ്ങിയ നിരക്കിൽ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ജി.ആർ. അനിൽ. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ കൈതേരി 11ാം മൈലിൽ മാവേലി സൂപ്പർ സ്റ്റോർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൂടുതൽ മെച്ചപ്പെട്ട പൊതുവിതരണകേന്ദ്രങ്ങൾ ആരംഭിക്കുകയാണ് ലക്ഷ്യം. കേരളത്തിൽ 10 വർഷം മുന്നേ റേഷൻകടകളിൽ വരുന്നവരുടെ എണ്ണം കുറവായിരുന്നു. എന്നാൽ, ഇപ്പോൾ റേഷൻകടകളിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം സമ്പന്നർ ഉൾപ്പെടെ ഉപയോഗിക്കുന്നതരത്തിലേക്ക് മാറി. 13 സബ്സിഡി ഉൽപന്നങ്ങൾ 2016ലെ അതേ വിലയിൽ ജനങ്ങൾക്ക് നൽകാൻ സാധിക്കുന്നു. പൊതുവിതരണ മേഖലയിൽ സൗജന്യമായും സബ്സിഡി ഇനത്തിലും നൽകുന്ന സാധനങ്ങളുടെ ഗുണനിലവാരം വർധിപ്പിച്ചിട്ടുണ്ട്. ഒരുവീട്ടിൽ രണ്ട് കുടുംബങ്ങൾ താമസിക്കുന്നുണ്ടെങ്കിൽ രണ്ട് റേഷൻ കാർഡുകൾ നൽകും. മുൻഗണന കാർഡ് വിതരണവുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കണ്ടുവരുകയാണ്. 2,56,000 കാർഡുകൾ അർഹതയുള്ളവർക്ക് നൽകിയപ്പോൾ 1,73,000 കാർഡ് അനർഹരിൽനിന്ന് തിരിച്ചെടുക്കാൻ സർക്കാറിന് സാധിച്ചെന്നും മന്ത്രി പറഞ്ഞു.
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ രണ്ടാമത്തെ മാവേലി സ്റ്റോറാണ് കൈതേരിയിലേത്. ആധുനിക സൗകര്യങ്ങളോടെ നിർമിച്ച സ്റ്റോറിൽ ഓൺലൈനായി ബുക്ക് ചെയ്തും സാധനങ്ങൾ വാങ്ങാം. വിപണിയിൽ ഉള്ളതിനെക്കാൾ 30 ശതമാനം സബ്സിഡിയോടെയാണ് സാധനങ്ങൾ വിൽക്കുക.
ചടങ്ങിൽ കെ.കെ. ശൈലജ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആദ്യവിൽപന്ന പ്രദേശവാസിയായ കുന്നുംപുറം വാസു
വിന് നൽകി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ നിർവഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യു.പി. ശോഭ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം. ഷീന, ടി. ബാലൻ, എം.കെ. സുധീർ കുമാർ, ഷാജി കരിപ്പായി, സപ്ലൈകോ കോഴിക്കോട് മേഖല മാനേജർ എൻ. രഘുനാഥ്, ജില്ല സപ്ലൈ ഓഫിസർ കെ. അജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.