കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ചോദ്യപേപ്പർ മാറിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി. എം.എസ്സി കെമിസ്ട്രി രണ്ടാം സെമസ്റ്റർ ഫിസിക്കൽ കെമിസ്ട്രി പരീക്ഷയാണ് റദ്ദാക്കിയത്.
ഇവർക്കായി വീണ്ടും പരീക്ഷ നടത്തുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 10ന് നടന്ന ഫിസിക്കൽ കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറിൽ കഴിഞ്ഞദിവസം നടന്ന തിയററ്റിക്കൽ കെമിസ്ട്രിയുടെ ചോദ്യങ്ങളായിരുന്നു മുഴുവൻ.
ചോദ്യപേപ്പറിനു മുകളിൽ ഫിസിക്കൽ കെമിസ്ട്രി എന്ന് രേഖപ്പെടുത്തിയെന്നല്ലാതെ ചോദ്യങ്ങളെല്ലാം തിയററ്റിക്കൽ കെമിസ്ട്രിയുടേതായിരുന്നു.
ചോദ്യപേപ്പർ കിട്ടിയയുടൻ പരീക്ഷാർഥികൾ ഇക്കാര്യം ഇൻവിജിലേറ്റർമാരെ അറിയിച്ചു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതോടെ ചോദ്യപേപ്പറും ഉത്തരക്കടലാസുകളും തിരിച്ചുവാങ്ങി വിദ്യാർഥികളെ പരീക്ഷകേന്ദ്രങ്ങളിൽനിന്ന് തിരിച്ചയച്ചു. പ്രതിഷേധവുമായി കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ സർവകലാശാലയിലെത്തി വൈസ്ചാൻസലറുമായി ചർച്ച നടത്തി.
പരീക്ഷ റദ്ദാക്കുമെന്നും പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുമെന്നും പരീക്ഷ കൺട്രോളർ അറിയിച്ചു.
കണ്ണൂർ: എം.എസ്.സി കെമിസ്ട്രി രണ്ടാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ മാറി പരീക്ഷ റദ്ദാക്കാനുണ്ടായ സാഹചര്യത്തിൽ സർവകലാശാലയിൽ വ്യാപക പ്രതിഷേധം. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്, ജില്ല പ്രസിഡന്റ് എം.സി. അതുൽ എന്നിവരുടെ നേതൃത്വത്തിൽ കെ.എസ്.യു നേതാക്കൾ വൈസ് ചാൻസലർ പ്രഫ. കെ.കെ. സാജുവിനെ കണ്ട് പ്രതിഷേധമറിയിച്ചു.
തുടർന്ന് നടത്തിയ ചർച്ചയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി കൈക്കൊള്ളുമെന്ന് വി.സി ഉറപ്പ് നൽകി.
സർവകലാശാലയുടെ അശ്രദ്ധ മൂലം തുടർച്ചയായി വിദ്യാർഥികൾ എഴുതിയ പരീക്ഷകൾ റദ്ദാക്കേണ്ടി വരുന്നത് സർവകലാശാലയുടെ രാഷ്ട്രീയവത്കരണത്തിന്റെ പരിണിതഫലമാണെന്ന് കെ.പി.സി.ടി.എ മേഖല കമ്മിറ്റി കുറ്റപ്പെടുത്തി.
പരിചയ സമ്പന്നരെ ഒഴിവാക്കി രാഷ്ട്രീയം മാത്രം നോക്കി ചോദ്യ പേപ്പർ തയാറാക്കൽ മുതലുള്ള പ്രധാന ജോലികൾ എല്ലാം ഏൽപിക്കുമ്പോൾ സർവകലാശാലയുടെ അക്കാദമിക മുഖമാണ് നഷ്ടപ്പെടുന്നത്. താരതമ്യേന യോഗ്യത കുറഞ്ഞ അധ്യാപകരെ കുത്തിനിറച്ച് സർവകലാശാല പഠന ബോർഡുകൾ രൂപവത്കരിച്ചതിന്റെ പരിണിതഫലമാണ് വിദ്യാർഥികൾ അനുഭവിക്കേണ്ടിവരുന്നതെന്നും മേഖല കമ്മിറ്റി കുറ്റപ്പെടുത്തി. ഡോ. ഷിനോ പി. ജോസ് അധ്യക്ഷത വഹിച്ചു. ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. പി. പ്രജിത, ഡോ.വി. പ്രകാശ് എന്നിവർ സംസാരിച്ചു.
കണ്ണൂർ: സർവകലാശാലയുടെ പി.ജി കെമിസ്ട്രി രണ്ടാം സെമസ്റ്റർ പരീക്ഷ ചോദ്യപേപ്പറുകൾ മാറി നൽകിയതിൽ എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.
സർവകലാശാല ആസ്ഥാനത്ത് സംഘടിപ്പിച്ച പ്രതിഷേധം ജില്ല സെക്രട്ടറി ആദിൽ എടയന്നൂർ ഉദ്ഘാടനം ചെയ്തു. സൽമാൻ പുഴാതി, അർഷാദ് ചിറക്കൽകുളം, റിഷാൻ പാലോട്ട് പള്ളി, റസൽ ചാലാട്, ആഷിഫ് വാരംകടവ്, ഷൻവിൽ, റിഹാൻ, ഫലാൽ, അഫീഫ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.