കണ്ണൂർ: കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി റെയിൽവേ ട്രാക്ക് നവീകരണ പ്രവൃത്തി. കണ്ണൂർ എൻജിനീയറിങ് സെക്ഷൻ പരിധിയിൽ കണ്ണപുരം മുതൽ പഴയങ്ങാടി വരെയാണ് പ്രവൃത്തി നടക്കുന്നത്. സ്ത്രീകളടക്കം സാമൂഹിക അകലം പാലിക്കാതെയും കൃത്യമായി മാസ്ക് ധരിക്കാതെയുമാണ് പാളം മാറ്റൽ പ്രവൃത്തി നടക്കുന്നത്. ജോലിക്കാരിൽ ഭൂരിഭാഗവും അന്തർ സംസ്ഥാന തൊഴിലാളികളാണ്. റെയിൽവേ സെക്ഷൻ എൻജിനീയർ അടക്കമുള്ളവരുടെ മേൽനോട്ടത്തിലാണ് പണി നടക്കുന്നതെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന് റെയിൽവേ ജീവനക്കാർക്കുതന്നെ ആക്ഷേപമുണ്ട്.
മാർച്ചിൽ തുടങ്ങിയ പ്രവൃത്തി അത്യാവശ്യ പ്രവൃത്തിയാണെന്ന് ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ലോക്ഡൗണിൽ പണി നടത്താൻ അനുമതി നൽകിയത്. എന്നാൽ, തിരക്കിട്ട് തീർക്കാൻമാത്രം അത്യാവശ്യമുള്ള പ്രവൃത്തിയല്ലെന്ന് റെയിൽവേ ജീവനക്കാർ തന്നെ പറയുന്നു. റെയിൽ സ്ലീപർ (പാളത്തിനടിയിലെ കോൺക്രീറ്റ് ബീമുകൾ), പാളം തുടങ്ങിയവ മാറ്റുന്ന പ്രവൃത്തിയാണ് ഒരു സുരക്ഷയുമില്ലാതെ നടക്കുന്നത്.
പാളം മാറ്റാൻ ഉപയോഗിക്കുന്ന ടി.ആർ.ടി മെഷീനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പതിനഞ്ചോളം ജീവനക്കാർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനാൽ ഈ പ്രവൃത്തി നിർത്തി വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലും ട്രാക്ക് നവീകരണം നിർത്തിവെക്കാത്തത് കോൺട്രാക്ടർമാരുടെ ലാഭം മുന്നിൽ കണ്ടാണെന്നും ആക്ഷേപമുണ്ട്. കൂവപ്പുറം ഭാഗത്താണ് ഇപ്പോൾ പണി നടക്കുന്നത്.
കണ്ണൂരിൽ റെയിൽവേ ജീവനക്കാർക്ക് കുത്തിവെപ്പ് നൽകാത്തതിലും പരാതിയുണ്ട്. കോഴിക്കോട് സ്റ്റേഷൻ പരിധിയിൽ എല്ലാ വിഭാഗം ജീവനക്കാർക്കും വാക്സിൻ നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ എല്ലാ വിഭാഗത്തിൽ പെടുന്നവർക്കും വാക്സിൻ നൽകുേമ്പാൾ മുന്നണി തൊഴിലാളികളായ റെയിൽവേ ജീവനക്കാരോട് കേന്ദ്രം അവഗണന കാണിക്കുകയാണെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.