കണ്ണൂർ: ജില്ലയില്‍ ഇടവിട്ടുള്ള മഴ ലഭിച്ച സാഹചര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി എന്നിവക്കുള്ള സാധ്യതകള്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകള്‍ ചിരട്ട, മുട്ടത്തോട്, വിറകുകള്‍ മൂടാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, അലക്ഷ്യമായി വലിച്ചെറിയുന്ന കുപ്പികൾ, വീടുകള്‍ക്ക് അകത്തുള്ള മണി പ്ലാന്റ് തുടങ്ങിയ ഇന്‍ഡോര്‍ ചെടികൾ, റഫ്രിജറേറ്റർ ട്രേ തുടങ്ങിയവയില്‍ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് പൊതുവെ മുട്ടയിട്ട് വളരുന്നത്.
മുട്ടയിട്ടു കഴിഞ്ഞാല്‍ ഏഴു മുതല്‍ മുതല്‍ 10 ദിവസം കൊണ്ട് ലാര്‍വ വിരിഞ്ഞ് പുതിയ കൊതുകുകള്‍ പുറത്തുവരും. അതിനാല്‍ വീടുകളിലും മറ്റു പരിസരങ്ങളിലുമുള്ള ഇത്തരത്തിലുള്ള ചെറിയ വെള്ളക്കെട്ടുകള്‍ മഴക്ക് ശേഷം നീക്കം ചെയ്യണം. ഉറവിട നശീകരണം നടത്തുന്നതിനായി ആഴ്ചയില്‍ ഒന്നുവീതം ഡ്രൈഡേ ആചരിക്കണം.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ എലിയുടെ മൂത്രം കലര്‍ന്നാണ് എലിപ്പനി പടരുന്നത്. ആയതിനാല്‍ കാലില്‍ മുറിവ്, വിണ്ടു കീറിയ കാല്പാദങ്ങള് എന്നിവ ഉള്ളവര്‍ കെട്ടിക്കിടക്കുന്ന മലിനജലവുമായി നേരിട്ടുള്ള സമ്പര്‍ക്കമില്ല എന്ന് ഉറപ്പുവരുത്തണം. തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍ തുടങ്ങിയവര്‍ കെട്ടിക്കിടക്കുന്ന മലിന ജലവുമായി സമ്പര്‍ക്കത്തില്‍ വരാന്‍ സാധ്യതയുള്ളവര്‍ ആയതിനാല്‍ അവര്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ഡോക്സി സൈക്ലിന്‍ പ്രതിരോധ ഗുളിക ആഴ്ചതോറും കഴിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.