കണ്ണൂർ: ജില്ലയിൽ നാലുപേരുടെ മരണവും വ്യാപക കൃഷിനാശവും വിതച്ച പേമാരിക്ക് നാലാം നാൾ നേരിയ ശമനം. ശക്തി കുറഞ്ഞ മഴയാണ് വെള്ളിയാഴ്ച പെയ്തത്. ചെറുപറമ്പിൽ പുഴയിൽ കാണാതായ കക്കോട്ട് വയലിലെ രയരോത്ത് മുസ്തഫയുടെ മകൻ സിനാന്റെ മൃതദേഹം കണ്ടെത്തി. കൂടെ ഒഴുക്കിൽപെട്ട ജാതിക്കൂട്ടം തട്ടാന്റവിട മൂസയുടെ മകൻ മുഹമ്മദ് ഷഫാദിന്റെ(20) മൃതദേഹം വ്യാഴാഴ്ച രാത്രി കണ്ടെത്തിയിരുന്നു. ജില്ലയിൽ ഇവർ ഉൾപ്പെടെ നാലുപേരാണ് ഈ വർഷത്തെ കാലവർഷത്തിൽ പൊലിഞ്ഞത്. നാട്ടുകാരും അഗ്നിരക്ഷ സേനയും മുങ്ങൽ വിദഗ്ധരും ഡിങ്കി ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്. കെ.പി. മോഹനൻ എം.എൽ.എ, കുന്നോത്തുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ. ലത, വൈസ് പ്രസിഡന്റ് എൻ. അനിൽകുമാർ തുടങ്ങിയ ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
മഴവെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ജില്ലയിലെ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ അടച്ചു. നിലവിൽ ഒന്ന് മാത്രമാണ് പ്രവർത്തിക്കുന്നത്. അഴീക്കോട് മൂന്നുനിരത്ത് സെന്റ് ജയിംസ് സ്കൂളിൽ ഒരു ക്യാമ്പ് മാത്രമാണ് പ്രവർത്തിക്കുന്നത്. അഴീക്കോട് ഓലാടത്താഴെ ഹിദായത്തു സ്വിബിയാൻ ഹയർ സെക്കൻഡറി മദ്റസയിൽ പ്രവർത്തിച്ച ക്യാമ്പാണ് മൂന്നുനിരത്ത് സെന്റ് ജെയിംസ് സ്കൂളിലേക്ക് മാറ്റിയത്.
ക്യാമ്പിലുണ്ടായിരുന്ന ഒരു കുടുംബം ബന്ധുവീട്ടിലേക്ക് മാറിയതോടെ ചിറക്കൽ രാജാസ് യു.പി സ്കൂളിലെ ക്യാമ്പ് അടച്ചു. പാലോട്ടുവയൽ ആർ.കെ യു.പി സ്കൂളിൽ പ്രവർത്തിച്ചു വന്ന ക്യാമ്പ് വെള്ളിയാഴ്ച ഉച്ചക്ക് 3.30ന് അടച്ചു. മൂന്നംഗ കുടുംബം വീട്ടിലേക്ക് മടങ്ങിയതിനാൽ തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങിയ ക്യാമ്പ് വ്യാഴാഴ്ച വൈകീട്ട് അടച്ചു.
വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ മഴയിൽ തെങ്ങ് വീണ് പിണറായി കിഴക്കുംഭാഗത്തെ ടി. ജാനകിയുടെ വീട് ഭാഗികമായി തകർന്നു. മുണ്ടേരി വില്ലേജിലെ കാഞ്ഞങ്ങാടൻ നാരായണിയുടെ വീട് വെള്ളിയാഴ്ച രാവിലെ മഴയിൽ ഭാഗികമായി തകർന്നു.
കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടാകുന്ന അടിയന്തര സാഹചര്യം നേരിടുന്നതിനായി ജില്ല മൃഗസംരക്ഷണ ഓഫിസറുടെ അധ്യക്ഷതയില്‍ ജില്ലാതല ദുരന്ത നിവാരണ സമിതി രൂപവത്കരിച്ചു. ചീഫ് വെറ്ററിനറി ഓഫിസറുടെ നേതൃത്വത്തില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കും. ഫോണ്‍: 0497 2700184, 9446657859.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.