പഴയങ്ങാടി: മുട്ടുകണ്ടിയിൽ ടൂറിസം പദ്ധതിക്ക് വേണ്ടി പുഴ മണ്ണിട്ട് നികത്തിയ പ്രവൃത്തിക്കെതിരെ പ്രതിഷേധം രൂക്ഷമായതോടെ തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്സിയും അനുബന്ധ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികളെടുത്തു. മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിക്ക് വേണ്ടി പുഴയിലിട്ട മണ്ണ് അടുത്ത മാസം 20നുള്ളിൽ തിരിച്ചെടുക്കണമെന്ന് ആർ.ഡി.ഒ കരാറുകാർക്ക് നിർദേശം നൽകി.
2.87 കോടി രൂപ ചെലവ് വരുന്ന ടൂറിസം പദ്ധതിയിൽ ബോട്ട് റേസ് ഗ്യാലറി നിർമാണത്തിനായാണ് മണ്ണിട്ടു തുടങ്ങിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുഴയിൽ മണ്ണിട്ടതിനെ തുടർന്ന് മേഖലയിൽ നാട്ടുകാർ സംഘടിച്ച് പ്രതിഷേധമുയർത്തിയിരുന്നു. ഇതേ തുടർന്ന് മണ്ണിടൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ, ചൊവ്വാഴ്ച രാവിലെ വീണ്ടും പുഴയിൽ മണ്ണിട്ട് തുടങ്ങിയതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി. തുടർന്ന് മണ്ണിടുന്നത് നിർത്തിയെങ്കിലും ഉച്ചയോടെ പുനരാരംഭിച്ച ലോഡ് കണക്കിന് മണലിടൽ ചൊവ്വാഴ്ച രാതിയിലും തുടർന്ന വാർത്ത ബുധനാഴ്ച 'മാധ്യമം' പ്രസിദ്ധീകരിച്ചിരുന്നു. പുഴയിൽ മണ്ണിട്ട് നികത്തുന്ന നടപടിക്കെതിരെ ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമൻ കൊയ്യാനും പരിസ്ഥിതി പ്രവർത്തകരും അധികൃതർക്ക് നേരത്തെ പരാതി നൽകിയിരുന്നു. അധികൃതരുടെ അനുമതിയില്ലാതെ പുഴയിൽ മണ്ണിട്ടെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് സുധീപ് ജയിംസ്, സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ തുടങ്ങിയവരുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ബുധനാഴ്ച പ്രതിഷേധവുമായെത്തി. പൊലീസും സ്ഥലത്തെത്തിയിരുന്നു. അടുത്ത മാസം 20നകം പ്രവൃത്തികൾ തീർത്ത് പുഴയിലിട്ട മണ്ണ് തിരിച്ചെടുക്കണമെന്ന് കരാറുകാരിൽ നിന്ന് രേഖാമൂലം ഉദ്യോഗസ്ഥർ ഉറപ്പ് വാങ്ങിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
കേന്ദ്ര സർക്കാറിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരം നേടിയ ടൂറിസം പദ്ധതിക്ക് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെൽ ആണ് പ്രവൃത്തികളുടെ നിർമാണ ചുമതല വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.