representational image

റെയിൽപാളത്തിൽ ചെങ്കല്ല്; ആളെക്കുറിച്ച് വിവരമില്ല

കണ്ണൂർ: താവം റെയിൽപാളത്തിൽ ചെങ്കല്ല് കയറ്റിവെച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. അട്ടിമറി ശ്രമം അടക്കമുള്ള കാര്യങ്ങൾ റെയിൽവേ പൊലീസ് അന്വേഷിക്കുന്നുണ്ട്. ആളൊഴിഞ്ഞ കൃഷിസ്ഥലങ്ങൾ അടങ്ങിയ പ്രദേശമായതിനാൽ ആരാണ് കല്ലു കയറ്റിവെച്ചതെന്നത് കണ്ടെത്തൽ പ്രയാസമാണ്.

സമീപത്ത് നിരീക്ഷണ കാമറകൾ ലഭ്യമാണോ എന്ന കാര്യവും ആർ.പി.എഫ് അന്വേഷിക്കുന്നുണ്ട്. താവം പള്ളിക്കുസമീപത്തെ റെയിൽപാളത്തിലാണ് കഴിഞ്ഞദിവസം പുലർച്ച വലിയ ചെങ്കല്ല് കണ്ടത്. ട്രാക്കിൽ ജില്ലിക്കല്ലുകൾ നിറക്കുന്ന പ്രവൃത്തിക്കിടെ റെയിൽവേ ട്രാക്ക്മാന്മാരുടെ ശ്രദ്ധയിൽപെട്ടതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ഇത്രയും വലിയ കല്ല് ആദ്യമായാണ് ട്രാക്കിൽ വെച്ചതെന്ന് ആർ.പി.എഫ് പറഞ്ഞു.

പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകൾ മാത്രമാണുള്ളത്. വീടുകൾ ഇല്ലാത്തതിനാൽ ഈ ഭാഗത്തേക്ക് ആരെങ്കിലും വന്നതായി വിവരമില്ല. സംഭവത്തെത്തുടർന്ന് ഇതര സംസ്ഥാന തൊഴിലാളികളെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

ഇവർക്ക് ഇതിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിട്ടയച്ചു. അടിക്കടി റെയിൽ പാളത്തിൽ കല്ലുകൾ കയറ്റിവെക്കുന്ന സംഭവമുണ്ടാകുന്നത് ഗൗരവത്തോടെയാണ് റെയിൽവേ കാണുന്നത്. രണ്ടുമാസം മുമ്പ് തൃക്കരിപ്പൂർ-പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ എളമ്പച്ചിയിൽ പാളത്തിൽ കല്ലുകൾ കയറ്റിവെച്ച സംഭവത്തിൽ ആറു കുട്ടികളെ പൊലീസ് പിടികൂടിയിരുന്നു.

ഇവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി വിട്ടയക്കുകയായിരുന്നു. മൂന്നുമാസം മുമ്പ് പാപ്പിനിശ്ശേരി മേൽപാലത്തിനും പാപ്പിനിശ്ശേരി പാലത്തിനും ഇടയിലുള്ള സ്ഥലത്തെ ട്രാക്കിൽ കല്ലുകൾ നിരത്തി ട്രെയിൻ അട്ടിമറി നടത്താനുള്ള ശ്രമം മലബാർ എക്‌സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ അവസരോചിത ഇടപെടലിലൂടെയാണ് ഒഴിവായത്. ട്രാക്കുകളിൽ 10 മീറ്ററോളം ദൂരത്തിൽ കല്ലുകൾ നിരത്തിവെച്ച നിലയിലായിരുന്നു. നേരത്തെയും ഈ പ്രദേശത്ത് സമാനസംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

മാഹിക്കും തലശ്ശേരിക്കുമിടയിൽ പലയിടങ്ങളിലായി റെയിൽ പാളത്തിൽ കരിങ്കല്ലുകൾ കൂട്ടിയിട്ട സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിലായത് കഴിഞ്ഞവർഷമാണ്. ചിറക്കൽ, എടക്കാട് ഭാഗങ്ങളിലും പാളത്തിൽ കല്ല് കണ്ടെത്തിയിരുന്നു.

നൂറുകണക്കിന് പേരുടെ ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തി വർധിക്കുമ്പോൾ യാത്രക്കാരും റെയിൽവേ അധികൃതരും ഞെട്ടലിലാണ്. മൂകാംബിക സന്ദർശനത്തിനുശേഷം ട്രെയിനിൽ മടങ്ങവേ കോട്ടയം സ്വദേശിനിയായ 12കാരിക്ക് കല്ലേറിൽ തലക്ക് പരിക്കേറ്റത് ഈയിടെയാണ്.

മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യവേ കണ്ണൂർ സൗത്തിനും എടക്കാടിനും ഇടയിലാണ് കല്ലേറുണ്ടായത്. ട്രെയിനിന് നേരെയുള്ള ആക്രമണങ്ങൾക്കുപിന്നിൽ ലഹരിസംഘങ്ങളുടെ പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കും.

റെയിൽപാളങ്ങളോടുചേർന്ന് കാട്ടിലും ആളനക്കമില്ലാത്ത പറമ്പിലും ശീട്ടുകളി സംഘങ്ങളും മയക്കുമരുന്ന്, മദ്യപ സംഘങ്ങളും താവളമാക്കുന്നത് പതിവാണ്. പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിക്കാനാണ് റെയിൽപാളത്തോട് ചേർന്നുള്ള ആളൊഴിഞ്ഞ പ്രദേശങ്ങൾ താവളമാക്കുന്നത്. ആളൊഴിഞ്ഞ ഭാഗങ്ങളിൽ ട്രെയിൻ മെല്ലെ നീങ്ങുമ്പോഴും പാളത്തിലൂടെ നടക്കുമ്പോഴും മൊബൈൽ അടക്കമുള്ള സാധനങ്ങൾ തട്ടിപ്പറിക്കുന്നതായും നിരവധി പരാതിയുണ്ട്.

ട്രെയിൻ യാത്ര സുരക്ഷിതമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ് റെയിൽവേ. കണ്ണൂരിലും പരിസര പ്രദേശങ്ങളിലും പാളത്തിൽ കല്ല് കയറ്റിവെക്കുന്ന സംഭവങ്ങൾ ഗൗരവമുള്ളതാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആർ.പി.എഫ് ഇൻസ്പെക്ടർ ബിനോയ് ആന്റണി പറഞ്ഞു.

Tags:    
News Summary - Red stone on the railway track-No information about the person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.