തളിപ്പറമ്പ്: തളിപ്പറമ്പിൽ റവന്യൂ ടവർ നിർമിക്കുന്നതിനുള്ള പ്രാരംഭ പ്രവൃത്തി ആരംഭിച്ചു. ഇതിനായി താലൂക്ക് ഓഫിസ് വളപ്പിലെ മരങ്ങൾ മുറിച്ചു നീക്കി. മൂന്നു നിലകളിലായാണ് റവന്യൂ ടവർ നിർമാണം. തളിപ്പറമ്പ് താലൂക്ക് ഓഫിസിന്റെ കിഴക്കു ഭാഗത്തായുള്ള സ്ഥലമാണ് നിർമാണത്തിനായി കണ്ടെത്തിയത്. അതിൽ 24.5 സെന്റ് സ്ഥലം നാലു സ്ഥാപനങ്ങൾക്ക് പാട്ടത്തിന് നൽകിയതാണ്. ഇവയോടൊപ്പം പഴയ തളിപ്പറമ്പ് വില്ലേജ് ഓഫിസ് കെട്ടിടവും റെയിൽവേ റിസർവേഷൻ കൗണ്ടറും പി.ഡബ്ല്യൂ.ഡി ഇലക്ട്രിക്ക് വിഭാഗം ഓഫിസും പൊളിച്ചുനീക്കിയാണ് റവന്യൂ ടവർ നിർമിക്കുക.
2020ൽ 29 കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിരുന്നെങ്കിലും 10 കോടി മാത്രമാണ് അനുവദിച്ചിരുന്നത്. അന്ന് അഞ്ചു നിലകളിലായി വിവിധ പ്രധാന സർക്കാർ ഓഫിസുകളും ചെറുതും വലുതുമായ രണ്ട് കോൺഫറൻസ് ഹാളുകളും ഉൾപ്പെടെ വിപുലമായ റവന്യൂ ടവറാണ് പ്ലാൻ ചെയ്തിരുന്നത്.
പിന്നീട് 17 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിക്കുകയായിരുന്നു. ഇതിൽ 15 കോടിയുടെ ഭരണാനുമതിയാണ് ഇപ്പോൾ ലഭിച്ചത്. ആർ.ഡി.ഒ, താലൂക്ക്, വില്ലേജ് ഓഫിസുകളാണ് പുതിയ റവന്യൂ ടവറിൽ പ്രവർത്തിക്കുക. കെട്ടിടനിർമാണം തുടങ്ങുന്നതിനുള്ള ഭൂമി ഒരുക്കിനൽകിയാൽ മാത്രമേ ടെണ്ടർ നടപടിയിലേക്ക് കടക്കാനാകുകയുള്ളൂ. ഭൂമി ഒരുക്കുന്നതിനുള്ള പ്രാരംഭ നടപടിയായാണ് മരം മുറിച്ചുമാറ്റുന്നതെന്ന് തഹസിൽദാർ പി. സജീവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.