കണ്ണൂർ: ഒരുഭാഗത്ത് ദേശീയപാത വികസനം തകൃതിയായി നടക്കുമ്പോഴും ഗതാഗതക്കുരുക്കും റോഡ് ശോച്യാവസ്ഥയും വർധിക്കുകയാണ്. കണ്ണൂർ-തലശ്ശേരി ദേശീയപാതയിൽ ചാലയിലും കിഴുത്തള്ളിയിലും റോഡ് തകർന്നു. കിഴുത്തള്ളിയിൽ റോഡ് തകർന്നതിനെ തുടർന്ന് അധികൃതർ ജില്ലിയും പൊടിയും ചേർത്ത് അടച്ചെങ്കിലും തൊട്ടടുത്ത ദിവസം ദുരിതം ഇരട്ടിച്ചു. ജില്ലികളടക്കം റോഡിന് ഇരുവശവും തെറിച്ച് ഇരുചക്ര വാഹനങ്ങൾക്കടക്കം യാത്രദുരിതമാവുകയാണ്.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിനാലാണ് പ്രതിസന്ധി. നിലവിൽ തലശ്ശേരി-കൂത്തുപറമ്പ് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മണിക്കൂറുകളോളം ചാലയിൽ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. രാവിലെ ഓഫിസിലെത്തേണ്ടവർക്കും വിദ്യാർഥികൾക്കും കൃത്യസമയത്ത് എത്തിച്ചേരാൻ കഴിയുന്നില്ല.
റൂട്ടിലോടുന്ന ബസുകൾക്ക് കൃത്യസമയത്ത് സർവിസ് നടത്താൻ കഴിയാത്ത സ്ഥിതിയുമുണ്ട്. താഴെചൊവ്വയിൽ റെയിൽവേ ഗെയ്റ്റ് അടച്ചാൽ വാഹനങ്ങൾ കിഴുത്തള്ളി വഴി തോട്ടടയിലൂടെയാണ് തലശ്ശേരി ഭാഗത്തേക്ക് പോകുന്നത്. ഇതോടെ കിഴുത്തള്ളി ഗതാഗതക്കുരുക്കിൽ സ്തംഭിക്കുന്നത സ്ഥിതിയാണ്. റോഡ് ശോച്യാവസ്ഥയെ തുടർന്ന് വാഹനങ്ങൾ പതുക്കെ പോകുന്നതാണ് കുരുക്ക് കൂടാൻ കാരണം.
ഇതുകൂടാതെ ദേശീയപാത ആറുവരിപാതയിൽ നിന്നുള്ള മഴവെള്ളം സർവിസ് റോഡിലേക്ക് എത്തി വെള്ളക്കെട്ടും രൂക്ഷമാകുന്നു. ചാലക്കുന്ന് സർവിസ് റോഡിൽ വെള്ളക്കെട്ടിൽ വാഹനങ്ങൾ കടന്നുപോകുന്നത് പ്രയാസപ്പെട്ടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.