അത്​ഭുതം ആവർത്തിച്ച്​ മലയാളികൾ; ഖാസിമിന്‍റെ ചികിത്സക്കും 18 കോടി ലഭിച്ചു

തളിപ്പറമ്പ്: ലോകാത്ഭുതങ്ങൾ ഏഴാ​ണെന്ന് പറഞ്ഞത്​ ആരാണ്​? അത്​ ശരിയല്ലെന്ന്​ വീണ്ടും വീണ്ടും തെളിയിച്ച്​ ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്​​ മലയാളികൾ. അപൂർവ മരുന്നിന്​ വേണ്ടി, ഒരിക്കലും സ്വരൂപിക്കാൻ കഴിയില്ലെന്ന്​​ കരുതിയ വൻ തുക സഹായമഭ്യർഥിച്ച രണ്ടാമത്തെ കുരുന്നിന്​ മുന്നിലും കരുണയുടെ അണക്കെട്ട്​ തുറന്നിരിക്കുന്നു മനസ്സലിവുള്ള മനുഷ്യർ. അതെ, മാരകരോഗം ബാധിച്ച കണ്ണൂർ ജില്ലയിലെ രണ്ടാമത്തെ കുരുന്നിനും 18 കോടിയുടെ മരുന്ന്​ വാങ്ങാനുള്ള തുക ലഭിച്ചിരിക്കുന്നു. ഇനി ആരും പണമയക്കരുതെന്ന്​ ചികിത്സ കമ്മിറ്റി അഭ്യർഥിച്ചു.

Full View

സ്​പൈനൽ മസ്​കുലർ അട്രോഫി (എസ്.എം.എ) ടൈപ്പ് ടു രോഗം ബാധിച്ച ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമിന്​ ഞായറാഴ്ച വൈകീട്ട് വരെ 17.38 കോടി രൂപയാണ്​ ലഭിച്ചത്​. വിവിധ സ്​ഥലങ്ങളിൽ വിവിധ സംഘടനകളും വ്യക്​തികളും ഇതിനകം സ്വരൂപിച്ച തുക കൂടി വന്നുചേരുന്നതോടെ 18 കോടിയെന്ന ലക്ഷ്യം പൂവണിയും. ഈ സാഹചര്യത്തിൽ ചികിത്സാ സഹായധനം സ്വരൂപിക്കാനായി കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യാൻ തിങ്കളാഴ്ച ബാങ്കുകളിൽ അപേക്ഷ നൽകുമെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. സമാന അസുഖം ബാധിച്ച കണ്ണൂർ പഴയങ്ങാടി മാട്ടൂലിലെ  മുഹമ്മദ് എന്ന കുഞ്ഞിന്​  സഹൃദയരുടെ സഹായം തേടിയപ്പോൾ 46.78 കോടി രൂപയാണ്​ മലയാളികൾ കൈയയച്ച്​ നൽകിയത്​.

നിലവിൽ ഖാസിം ചികിത്സാ സഹായ കമ്മിറ്റിക്ക് ലഭ്യമായ 17.38 കോടി രൂപയിൽ എട്ടര കോടി രൂപ മാട്ടൂൽ മുഹമ്മദ് ചികിത്സാ സഹായ കമ്മിറ്റിയുടെ വാഗ്ദാനമാണ്. ജൂലൈ 27നാണ് ഖാസിമിനായി അക്കൗണ്ടുകൾ ആരംഭിച്ച് പ്രവർത്തനം തുടങ്ങിയത്. തുടക്കത്തിൽ വളരെ മന്ദഗതിയിലായിരുന്നു ഫണ്ട് വരവ്. എന്നാൽ, മാട്ടൂൽ മുഹമ്മദ് ചികിത്സ സഹായ കമ്മിറ്റി 8.5 കോടി രൂപ ഖാസിമിന്‍റെ ചികിത്സക്കായി നൽകുമെന്ന് പ്രഖ്യാപിച്ചതോടെ ഫണ്ടിന് വേഗത കൈ വന്നു​. 

സഹായം നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായി ചികിത്സാ സഹായ കമ്മിറ്റി ചെയർപേഴ്സൺ സുനിജ ബാലകൃഷ്ണൻ പറഞ്ഞു. ചികിത്സാ ഫണ്ടിലേക്ക് ധനസമാഹരണം നടത്തിയവർ സമാഹരിച്ച തുക അടുത്ത ദിവസം തന്നെ ഖാസിം ചികിത്സാ സഹായ കമ്മിറ്റിക്ക് എത്തിച്ചു നൽകണമെന്ന് ഭാരവാഹികൾ പറഞ്ഞു. ഇനി ആരും പുതുതായി ഫണ്ട്​ ശേഖരിക്കരു​തെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു.

തളിപ്പറമ്പിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ചികിത്സ സഹായ കമ്മിറ്റി ജനറൽ കൺവീനർ അബ്ദുറഹ്മാൻ പെരുവണ, കൺവീനർമാരായ എം.എം. അജ്മൽ, ഉനൈസ് എരുവാട്ടി, മീഡിയാ കൺവീനർ കെ.എം.ആർ. റിയാസ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Rs 18 crore received for Qasim's treatment SMA spinal mascular atrophy zolgensma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.