തൃക്കരിപ്പൂർ: 'ചുറ്റും മഞ്ഞുമലകൾ. മരങ്ങൾക്കിടയിലൂടെയുള്ള ഒറ്റയടിപ്പാത. ആകെയുള്ളത് അൽപം വെള്ളവും ബ്രഡും...' റഷ്യയിൽനിന്ന് മാസിഡോണിയൻ അതിർത്തിയിലൂടെ രാവുംപകലും നീണ്ട പലായനത്തെക്കുറിച്ച് പറയുമ്പോൾ ഉദിനൂർ മാങ്കടവത്ത് സനിൽകുമാറിന് ഉൾക്കിടിലം. വിസ തട്ടിപ്പിൽപ്പെട്ട് റഷ്യയിലെത്തിയ അനേകം പേരിൽ ഒരാളാണ് 45കാരനായ സനിൽ. നേരത്തേ മലേഷ്യയിൽ പ്രവാസജീവിതം നയിച്ചിരുന്ന സനിൽ കിടപ്പാടം പണയപ്പെടുത്തിയും ഓട്ടോ വിറ്റും സ്വരൂപിച്ച ഏഴു ലക്ഷത്തോളം രൂപയാണ് റഷ്യയിലെ തൊഴിലിനായി നൽകിയത്. റഷ്യയിലെ ഷെർമറ്റയെവോ പുഷ്കിൻ വിമാനത്താവളത്തിൽ എത്തിയ ഇവരെ സ്വീകരിക്കാൻ ആരും എത്തിയില്ല. വിസക്ക് പണം വാങ്ങിയ ഉമേഷിനെ ബന്ധപ്പെട്ടപ്പോൾ സ്വന്തം നിലക്ക് പത്തുദിവസം പിടിച്ചുനിൽക്കാനായിരുന്നു നിർദേശം.
ഇവരോടൊപ്പം തൃക്കരിപ്പൂർ വൈക്കത്തെ ബിനീഷ്, രഞ്ജിത്ത്, എം.കെ. മധു, നവീൻ എന്നിവരും റഷ്യയിൽ എത്തിയിരുന്നു. ഇവരാകട്ടെ ചതി മനസ്സിലാക്കി തിരികെപോന്നു. നാട്ടിൽനിന്ന് പണം വരുത്തിയാണ് രണ്ടാഴ്ച തങ്ങിയത്. എന്നാൽ, ഭീമമായ കടബാധ്യത ഉള്ളതിനാൽ തിരിച്ചുപോരാൻ സനിലിന് തോന്നിയില്ല. ഗ്രീസിൽ ചോക്കലേറ്റ് കമ്പനിയിൽ അറുപതിനായിരം രൂപ ശമ്പളത്തിൽ ജോലി ലഭിക്കും എന്നാണ് വിശ്വസിപ്പിച്ചത്. സെർബിയ വഴി ഏതൻസിൽ എത്തിക്കാമെന്നായി പിന്നീട്. ഇതിന് വീണ്ടും ഒന്നരലക്ഷം രൂപ ഇടനിലക്കാരൻ ഈടാക്കി. ചതിക്കപ്പെട്ടു എന്നറിഞ്ഞിട്ടും പോകേണ്ടിവന്നു. സനിലിന്റെ കൂടെയുണ്ടായിരുന്ന അനൂപിന് ഇനിയും തിരിച്ചുവരാൻ സാധിച്ചിട്ടില്ല.
ആറു മണിക്കൂർ ബസ് യാത്ര ചെയ്താണ് സെർബിയയിൽ എത്തിയത്. വീണ്ടും ഏജന്റിനെ ബന്ധപ്പെട്ടപ്പോഴാണ് ശുഐബ് എന്നയാളെ ബന്ധപ്പെടുത്തിയത്. മുപ്പതിനായിരം രൂപ ബസ് ടിക്കറ്റിനും കൊടുത്തു. പാസ്പോർട്ട് ഉൾപ്പടെയുള്ള രേഖകൾ ശുഐബ് വാങ്ങി. മാസിഡോണിയ അതിർത്തിയിൽ ഇറക്കിവിട്ടു. എങ്ങോട്ടെന്നില്ലാതെ അലഞ്ഞു. 15 മണിക്കൂർ മഞ്ഞുമലയിലൂടെ നടന്നു. വഴിയിൽ നായ്ക്കൾ ആക്രമിച്ചു. സനിലിന്റെ ഇടത് തുടയിൽ കടിയേറ്റു. ആകെയുണ്ടായിരുന്ന ബ്രഡ് താഴെയിട്ടാണ് രക്ഷപ്പെട്ടത്.
രാത്രി വൈകി പാകിസ്താനികളെന്നു തോന്നിച്ച ഏഷ്യക്കാരുടെ ഒരു കേന്ദ്രത്തിലാണ് എത്തിപ്പെട്ടത്. ഇരുവരെയും അടിമുടി പരിശോധിച്ചു.
200 ഡോളർ തന്നാൽ ആതൻസിൽ എത്തിക്കാം എന്നായി. പണം ഇല്ലെന്ന് മനസ്സിലാക്കിയതോടെ പട്ടിണിക്കിട്ടു. അനൂപിനെ ബൂട്ട് കൊണ്ട് മർദിച്ചു. ഇവരുടെ പക്കൽ നിരവധി ഇന്ത്യൻ പാസ്പോർട്ടും സിം കാർഡും കണ്ടതായി സനിൽ ഓർക്കുന്നു. അഞ്ചാം ദിവസം പുലർച്ച സംഘത്തിന്റെ കണ്ണുവെട്ടിച്ച് ഇരുവരും രക്ഷപ്പെടുകയായിരുന്നു. ചരക്കുവണ്ടിയുടെ ബോഗിയുടെ ഓരത്ത് അള്ളിപ്പിടിച്ചാണ് മറ്റൊരു നഗരത്തിൽ എത്തിയത്. അവിടെ നിന്ന് ട്രെയിനിൽ ഏതൻസിലേക്ക്. ഇതുപോലെ പെട്ടുപോയ അനേകം മലയാളികൾ പാർത്ത ഒരു സത്രത്തിലായിരുന്നു താമസം. അവരുടെ കാരുണ്യത്തിലായിരുന്നു പിന്നീടുള്ള ദിനങ്ങൾ.
പിന്നീട് ഇന്ത്യൻ എംബസി വഴി ഐക്യരാഷ്ട്ര സഭയുടെ ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനെ സമീപിച്ചു. 28 ദിവസം കഴിഞ്ഞ് വൈറ്റ് പാസ്പോർട്ടും ടിക്കറ്റും കിട്ടിയാണ് നാട്ടിലെത്തിയത്. നാട്ടിൽ നിന്ന് പാസ്പോർട്ട് പകർപ്പ് കിട്ടിയത് എളുപ്പമായി. അനൂപിന്റെ രേഖകൾ ശരിയാക്കാൻ ശ്രമം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.