കണ്ണൂര്‍: രാത്രി നഗരത്തിലെത്തുന്ന വനിതകൾ ഇനി താമസസ്ഥലം തേടി അലയേണ്ട. കണ്ണൂര്‍ കോര്പറേഷന് ഷീ ലോഡ്ജിൽ കുറഞ്ഞനിരക്കിൽ താമസിക്കാം. വനിതഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെക്കിബസാർ സന്നിധാൻ റോഡിലാണ് ഷീ ലോഡ്ജ് നിർമിച്ചത്. നഗരത്തെ സ്ത്രീസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കും വിദ്യാർഥികള്‍ക്കും ഏറെ ഗുണകരമാകും. നാല് നിലകളുള്ള കെട്ടിടത്തില്‍ മൂന്നിലും ഡോര്‍മിറ്ററി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 336 സ്ക്വയര്‍ മീറ്ററാണ് കെട്ടിടത്തിന്റെ വിസ്തീർണം. 45 കിടക്കകളാണുള്ളത്. ഇതില്‍ 10 എണ്ണം രാത്രിയില്‍ പെട്ടെന്ന് നഗരത്തില്‍ എത്തിച്ചേരുന്നവര്‍ക്കായി മാറ്റിവെക്കും. ബാക്കി മാസവാടകക്ക് നല്‍കും. 200 രൂപയാണ് ദിവസവാടക.
ഭക്ഷണമുള്‍പ്പെടെ 8,000 രൂപ മാസവാടകക്കും ഡോര്‍മിറ്ററി ഉപയോഗപ്പെടുത്താം. നാലാമത്തെ നില ഫിറ്റ്നസ് സെന്ററിനുവേണ്ടിയാണ് സജ്ജമാക്കുക. ഇതിന്റെ ടെൻഡര്‍ നടപടി തുടങ്ങി. 80 ലക്ഷം രൂപ കെട്ടിടത്തിനും ഫർണിച്ചര്‍, ലിഫ്റ്റ് എന്നിവക്കായി 29 ലക്ഷവും കൂടി ഒരുകോടിയിലധികം രൂപ ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിർമാണം.
മേയര്‍ ടി.ഒ. മോഹനന് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന അധ്യക്ഷത വഹിച്ചു. കോര്പറേഷന് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി. ഷമീമ, എം.പി. രാജേഷ്, പി. ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്, സുരേഷ് ബാബു എളയാവൂര്, കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, പി.കെ. അന്‍വര്‍, ടി. രവീന്ദ്രന്, എന്‍. ഉഷ, വി.കെ. ഷൈജു, മുൻ മേയർ സി. സീനത്ത്, കോര്പറേഷന് സൂപ്രണ്ടിങ് എൻജിനീയര്‍ ടി. മണികണ്ഠകുമാര്‍, പ്ലാനിങ് റിസോഴ്സ് പേഴ്സൻ പി.പി. കൃഷ്ണന്, അസി. എക്സിക്യൂട്ടിവ് എൻജിനീയര്‍ പി. ലിസിന തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.