ചെറുപുഴ: മലയോര മേഖലയില്‍ ക്ഷീരകര്‍ഷകരെ ആശങ്കയിലാക്കി പശുക്കളിൽ ചർമ മുഴ രോഗം പടരുന്നു. ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാല്‍ മീന്തുള്ളി, പട്ടത്തുവയല്‍ പ്രദേശങ്ങളിലെ പശുക്കളിലാണ് ചര്‍മ മുഴ രോഗം കണ്ടെത്തിയത്. മൂന്ന് ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്ക് ഇതിനകം രോഗം പിടിപെട്ടു. ഇതിലൊന്ന് ചത്തു പോകുകയും ചെയ്തു. തൊലിപ്പുറമെ മുഴകളുണ്ടാകുകയും ക്രമേണ പഴുത്തുപൊട്ടി വ്രണമായി മാറുകയും ചെയ്യുന്നതാണ് രോഗലക്ഷണം.
രോഗം പിടിപെട്ടാല്‍ കന്നുകാലികൾക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. രോഗബാധിതരായ കന്നുകാലികള്‍ക്ക് പനിയും വിശപ്പില്ലായ്മയും പ്രകടമാണ്.
കറവപ്പശുക്കളില്‍ പാൽ ഉല്പാദനവും കുറയുന്നുണ്ട്. പശുക്കളിലെ ചർമ മുഴ രോഗത്തെ പ്രതിരോധിക്കാൻ കൃത്യമായ മരുന്ന് ലഭ്യമല്ലാത്തതും ക്ഷീര കർഷകര്‍ക്ക് തിരിച്ചടിയായി. പലരും ഹോമിയോ മരുന്നിനെയാണ് ആശ്രയിക്കുന്നത്.
പശുക്കളില്‍ രോഗം പടരുന്നതറിഞ്ഞിട്ടും മൃഗസംരക്ഷണ വകുപ്പ് കാര്യമായി ഇടപെടുകയോ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നില്ലെന്നും കര്‍ഷകര്‍ക്ക് പരാതിയുണ്ട്. അടിയന്തിരമായി പ്രതിരോധ കുത്തിവെയ്പുകള്‍ നല്‍കിയില്ലെങ്കില്‍ കൂടുതല്‍ പശുക്കള്‍ക്ക് രോഗം പിടിപെടാനുള്ള സാധ്യതയും ഏറെയാണ്. കാലിത്തീറ്റക്ക് വില വര്‍ധിക്കുകയും വേനല്‍ അടുത്തതോടെ പ്രകൃതിദത്ത തീറ്റകളുടെ ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ രോഗം പിടിപെട്ട് പാല് ഉല്പാദനവും കുറഞ്ഞത് ക്ഷീര കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.