കണ്ണൂര്‍: അറുപതിന്റെയും എഴുപതിന്റെയും ചെറുപ്പം ചിലങ്കകെട്ടിയാടും. പ്രായം വെറും സംഖ്യമാത്രമാണെന്ന് തെളിയിച്ച് ഒപ്പനയും തിരുവാതിരയും വേദിയിലെത്തും. പതിറ്റാണ്ടുകളുടെ അനുഭവത്തിൽനിന്ന് കവിതയും കഥയും ഭാവന ചിറകുവിരിക്കും. പ്രായത്തിന്റെ അവശതകള്‍ മറന്ന് ആഘോഷിക്കാനും മുതിർന്നപൗരൻമാരുടെ മാനസിക ഉല്ലാസത്തിനുമായി ജില്ല വയോജനകലോത്സവമെത്തുന്നു.
ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാർച്ച് 21ന് കണ്ണൂർ ശിക്ഷക് സദനിലാണ് പരിപാടി. പങ്കെടുക്കേണ്ട മത്സരാർഥികളുടെ എൻട്രികൾ എത്തിത്തുടങ്ങി. പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതി രൂപവത്കരിച്ച് തയാറെടുപ്പുകൾ നടത്തി. ജില്ലയില്‍ ആദ്യമായാണു വയോജന കലോത്സവം സംഘടിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ ഒപ്പന, തിരുവാതിര, കവിത രചന, കഥരചന, കഥാപ്രസംഗം, ചിത്രരചന, ലളിത ഗാനം, സിനിമാഗാനം എന്നിങ്ങനെ എട്ടുപരിപാടികളാണ് ഉണ്ടാവുക.
60 വയസ്സ് കഴിഞ്ഞവര്‍ക്കാണു പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം. ആളുകളുടെ പങ്കാളിത്തം പരിശോധിച്ചതിനു ശേഷം സ്ത്രീകള്‍, പുരുഷന്മാര് എന്നിങ്ങനെ വേണമെങ്കില്‍ തരംതിരിക്കും. കേരളോത്സവത്തിലും സ്കൂൾ കലോത്സവത്തിലും കൊച്ചുമക്കളെ ഒരുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അപ്പൂപ്പന്മാര്ക്കും അമ്മൂമ്മമാര്‍ക്കും സ്വന്തമായൊരു കലാവേദി വേണമെന്ന ആശയം വയോജന കൂട്ടായ്മകളിലൂടെയും പകൽവീടുകളിലൂടെയും പങ്കുവെച്ചിരുന്നു.
ഈ ആശയമാണ് ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ വയോജന കലോത്സവത്തിലെത്തുന്നത്. പഞ്ചായത്തുകളിലും ബ്ലോക്കുകളിലും വയോജന കലോത്സവം നടത്തി തിരഞ്ഞെടുക്കുന്നവര്‍ക്കാണ് ജില്ല വയോജന കലോത്സവത്തില്‍ അവസരം. പഞ്ചായത്ത് തലത്തില്‍ ആളുകള്‍ കുറഞ്ഞ ഇടങ്ങളിൽ ബ്ലോക്ക് തലത്തില്‍ ഒരുമിച്ചും പരിപാടികള്‍ നടത്തി. ബ്ലോക്ക് തല മത്സരം നടത്താൻ കഴിയാത്ത പഞ്ചായത്തുകൾ നേരിട്ടു ജില്ല പഞ്ചായത്തിന് പേരുവിവരങ്ങൾ നൽകുന്നുണ്ട്.
തൊഴിലുറപ്പ് തൊഴിലാളികളും വീട്ടമ്മമാരുമെല്ലാം വിശ്രമവേളകളിൽ കലാ പരിശീലനത്തിലാണ്. ചില ബ്ലോക്ക് പഞ്ചായത്തുകൾ വയോജന കലോത്സവത്തിനായി ഫണ്ട് വകയിരുത്തിയിട്ടുണ്ട്. വയോജന സംഘടനകളുടെയും കുടുംബശ്രീയുടെയും വയോജന കേന്ദ്രങ്ങളുടെയും പകൽവീടുകളുടെയും സഹകരണത്തോടെയാണ് കലോത്സവം.
പഞ്ചായത്ത് അംഗങ്ങള്‍ അതത് പ്രദേശത്തെ വയോജനങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് കൈമാറുന്നത്. വയോജന കലോത്സവത്തിന് മുതിർന്ന പൗരൻമാരിൽനിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും വരും വർഷങ്ങളിലും വിപുലമായി തന്നെ നടത്താനാണ് തീരുമാനമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.