പാനൂർ: നഗരത്തിൽ വർഷങ്ങളായി നിലനിൽക്കുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന ലക്ഷ്യത്തോടെ നാൽക്കവലയിൽ ട്രാഫിക് സിഗ്നൽ വരുന്നു. കെ.പി. മോഹനൻ എം.എൽ.എയുടെ 2021-22 വർഷത്തെ പ്രത്യേക വികസന നിധിയിൽനിന്നും 15 ലക്ഷം രൂപ ചെലവഴിച്ച് കെൽട്രോൺ മുഖേനയാണ് സിഗ്നൽ ലൈറ്റ് സംവിധാനം ഒരുക്കിയത്. ശനിയാഴ്ച വൈകീട്ട് 3.30ന് ഉദ്ഘാടനം നടക്കും. ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനമൊരുക്കി കൂടുതൽ കാര്യക്ഷമമാക്കും.
സിഗ്നൽ ലൈറ്റ് വരുന്നതോടെ നഗരത്തിൽ വരുത്തേണ്ട ഗതാഗത പരിഷ്കാരങ്ങൾ വിലയിരുത്താൻ നഗരസഭ അധികൃതരും പൊലീസ് അധികൃതരും എം.എൽ.എയും ബുധനാഴ്ച സ്ഥലത്തെത്തിയിരുന്നു. പൊതുമരാമത്ത് വിഭാഗത്തിന്റെ സഹായത്തോടെ റോഡിൽ ആവശ്യമായ യാത്രാസൂചകങ്ങൾ വരച്ചുചേർക്കും.
വാഹനങ്ങളുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ പൊലീസ് ആവശ്യമായ സംവിധാനമൊരുക്കും. കെ.പി. മോഹനൻ എം.എൽ.എ, നഗരസഭ ചെയർമാൻ വി. നാസർ, പാനൂർ പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ്, നഗരസഭ കൗൺസിലർമാരായ പ്രീത അശോക്, പി.കെ. പ്രവീൺ, ഉസ്മാൻ പെരിക്കാലി, നസീല കണ്ടിയിൽ, കെൽട്രോൺ പ്രതിനിധി എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.