ശ്രീകണ്ഠപുരം: ചുണ്ടപ്പറമ്പില്‍ കശുമാവിൻ തോട്ടത്തില്‍ ഒരു മാസത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തി. പയ്യാവൂര്‍ റോഡില്‍ നെടുങ്ങോത്തിനും ചുണ്ടപ്പറമ്പിനും ഇടയിലെ കശുമാവിൻ തോട്ടത്തിലാണ് തൂങ്ങിമരിച്ചയാളുടേതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് പശുവിന് പുല്ല് പറിക്കാന്‍ പോയയാളാണ് അസ്ഥികൂടം കണ്ടത്. ശ്രീകണ്ഠപുരം പൊലീസ് സ്ഥലത്തെത്തി അസ്ഥികൂടം പരിശോധിച്ചു. ലുങ്കിയില്‍ തൂങ്ങിയയാളുടെ മൃതദേഹം ദ്രവിച്ച് നിലത്തുവീണതാവാമെന്നാണ് പ്രാഥമിക നിഗമനം.
ജൂലൈ എട്ട് മുതല്‍ കാണാതായ നെടുങ്ങോത്തെ കൊച്ചുവീട്ടില്‍ കുഞ്ഞുമോെൻറ (ഉണ്ണി-65) അസ്ഥികൂടമാണിതെന്ന സംശയം നാട്ടുകാർ പ്രകടിപ്പിച്ചതിനാൽ ആ വഴിക്കുള്ള അന്വേഷണവും നടത്തുന്നുണ്ട്. അന്ന് ഭാര്യയുമായി വഴക്കിട്ട് വീടിറങ്ങിയ കുഞ്ഞുമോനെ പിന്നീട് ആരും കണ്ടിരുന്നില്ല. ഭാര്യ നല്കിയ പരാതിയിൽ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിനടുത്ത് കണ്ട ലുങ്കിയാണ് കുഞ്ഞുമോെൻറ മൃതദേഹമാണോയെന്ന സംശയത്തിലേക്കെത്തിച്ചത്. എങ്കിലും മുഖം ഉൾപ്പെടെ ദ്രവിച്ചതിനാല്‍ ആളെ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.
ഇതിെൻറ ഭാഗമായി ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വേണമെങ്കില്‍ ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെ നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനകൾക്കുശേഷം അസ്ഥികൂടം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ച് പോസ്റ്റുമോർട്ടം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.