കണ്ണൂർ: കുറ്റകൃത്യങ്ങൾ തടയാനും സുരക്ഷയൊരുക്കാനുമായി ജില്ലയിലുടനീളം നിരീക്ഷണക്കാമറകൾ ഒരുക്കുന്ന സ്മാർട്ട് ഐ പദ്ധതി പുരോഗമിക്കുന്നു. ഇതിന്റെ വിശദ പദ്ധതിരേഖ തയാറാക്കൽ അന്തിമഘട്ടത്തിലാണ്. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിന്റെ സാങ്കേതിക സഹായത്തോടെയും എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയുമാണ് 'സ്മാർട്ട് ഐ' പദ്ധതി നടപ്പാക്കുന്നത്.
കാമറകൾ സ്ഥാപിക്കേണ്ട പ്രദേശങ്ങളിൽ വിദഗ്ധ പരിശോധന നടക്കുന്നുണ്ട്. ഏതൊക്കെ തരത്തിലുള്ള കാമറകളാണ് സ്ഥാപിക്കേണ്ടതെന്ന് വിലയിരുത്തിയാണ് വിശദ പദ്ധതിരേഖ തയാറാക്കുക. തദ്ദേശസ്ഥാപനങ്ങളിൽ കുറഞ്ഞത് അഞ്ച് കാമറകളെങ്കിലും സ്ഥാപിക്കും.
മാലിന്യം തള്ളൽ, അനധികൃത മണൽക്കടത്ത് എന്നിവ പിടികൂടാനും കുറ്റകൃത്യങ്ങൾ തടയാനുമാണ് പദ്ധതി. ഏതൊക്കെ മേഖലകളിൽ കാമറ വെക്കാനാവുമെന്നതും എത്രത്തോളം കവറേജ് ലഭിക്കുമെന്നതും വിദഗ്ധസംഘം പരിശോധിക്കും. ഇതിന് ശേഷമാണ് ടെൻഡർ നടപടികളിലേക്ക് കടക്കുക.
ജില്ല പഞ്ചായത്ത് വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച പദ്ധതിയാണിത്. ജില്ലയിൽ കുറഞ്ഞത് 1500ഓളം കാമറകൾ ഇത്തരത്തിൽ ഒരുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജില്ല ആസ്ഥാനവുമായി കേബിൾ വഴി കാമറകൾ ബന്ധിപ്പിക്കും.
സർവറും മറ്റ് കാര്യങ്ങളും ജില്ല പഞ്ചായത്താണ് ഒരുക്കുക. കോർപറേഷൻ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിവ പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. മിക്ക തദ്ദേശസ്ഥാപനങ്ങളും അഞ്ചിലേറെ കാമറകൾ സ്ഥാപിക്കാൻ സന്നദ്ധതയറിയിച്ചിട്ടുണ്ട്.
കേബിൾവഴി കാമറകൾ ബന്ധിപ്പിച്ചതിനാൽ സാമൂഹികവിരുദ്ധർ തകർത്താലും തകരാറ് സംഭവിച്ചാലും ബന്ധം വിച്ഛേദിക്കപ്പെട്ടാലും വിവരം ലഭിക്കും. 1500ഓളം കാമറകൾ ജില്ലയുടെ വിവിധഭാഗങ്ങളിൽ കൺതുറക്കുമ്പോൾ കുറ്റകൃത്യങ്ങൾ കണ്ടെത്താനാവുമെന്നാണ് ജില്ല പഞ്ചായത്തിന്റെ കണക്കുകൂട്ടൽ.
ഏതൊക്കെ സ്ഥലങ്ങളിൽ കാമറ സ്ഥാപിക്കാമെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. പദ്ധതി വേഗത്തിലാക്കാനായി ഡിസംബർ എട്ടിന് തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെ യോഗം ജില്ല പഞ്ചായത്ത് വിളിച്ചുചേർത്തിട്ടുണ്ട്. സ്ഥിരം കുറ്റകൃത്യങ്ങൾ നടക്കുന്ന മേഖലകളിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് നിരീക്ഷണമേർപ്പെടുത്താനും പൊലീസിനും എക്സൈസിനും വിവരങ്ങൾ കൈമാറാനും സാധിക്കും. കണ്ണൂർ കോർപറേഷന് 150 കാമറകൾ സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.