കണ്ണൂർ: വൈദ്യുതോർജ ചെലവും പാരിസ്ഥിതികാഘാതവും കുറക്കുന്നതിന് ലക്ഷ്യമിട്ടുള്ള നാലു മെഗാവാട്ട് സോളാർ പ്ലാൻറുമായി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. വിമാനത്താവളത്തിന്റെ വൈദ്യുതി ഉപഭോഗ ചെലവ് ഏകദേശം 50 ശതമാനം കുറക്കുമെന്നും കാർബൺ ഫൂട്ട് പ്രിന്റ് കുറക്കുമെന്നും പ്രതീക്ഷിക്കുന്നു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി ലഭ്യമാക്കുന്ന സോളാർ പ്ലാന്റ്, തിരക്കേറിയ പ്രവർത്തന സമയങ്ങളിൽ ബാഹ്യ വൈദ്യുതി സ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറക്കാൻ വിമാനത്താവളത്തെ സഹായിക്കും. വിമാനത്താവളത്തിന്റെ കാർ പാർക്കിങ് ഏരിയയിലും സമീപ പ്രദേശങ്ങളിലെ ഭൂമിയിലും ഈ പദ്ധതി സ്ഥാപിക്കും. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളെയും ലാൻഡ് മാനേജ്മെന്റ് പ്ലാനുകളെയും ഇത് ബാധിക്കില്ല. പാർക്കിങ് സ്ഥലങ്ങൾക്ക് മുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുക വഴി വാഹനങ്ങൾക്ക് മേൽക്കൂരയുളള പാർക്കിങ് ഏരിയകൾ സൃഷ്ടിക്കും.
ഈ സാമ്പത്തിക വർഷത്തിനുള്ളിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി വിമാനത്താവളത്തിന് ഗണ്യമായ സാമ്പത്തിക ലാഭം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിമാസ സമ്പാദ്യം 50 ലക്ഷം രൂപയായി കണക്കാക്കുകയും വാർഷിക സമ്പാദ്യം ആറുകോടിയിൽ എത്തുകയും ചെയ്യുമ്പോൾ 18 കോടിയുടെ നിക്ഷേപം മൂന്നോ നാലോ വർഷത്തിനുള്ളിൽ തിരിച്ചുപിടിക്കാമെന്നതും അതിന്റെ ചെലവ്-ഫലപ്രാപ്തിയെ അടിവരയിടുന്നു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സോളാർ സംരംഭത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കിയാൽ സോളാർ പ്ലാൻഡ് സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.