വിമോചന ചരിത്രങ്ങൾ അഭിമാനകരമായ നിലനിൽപിനും മുന്നോട്ട് പോക്കിനും പ്രചോദനം -നഹാസ് മാള

കണ്ണൂർ: ഭരണകൂട ഭീകരതയുടെയും മുസ്​ലിം വംശഹത്യാ ശ്രമങ്ങളുടെയും സാഹചര്യത്തിൽ വിമോചന ചരിത്രപാഠങ്ങൾ അഭിമാനകരമായ നിലനിൽപിനു പ്രചോദനമാകുമെന്ന്‌ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള. സോളിഡാരിറ്റി സംസ്‌ഥാന കമ്മിറ്റി കണ്ണൂരിൽ മർഹൂം ഹനീഫ നഗറിൽ സംഘടിപ്പിച്ച സ്റ്റേറ്റ് ലീഡേഴ്‌സ് മീറ്റ് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെ അമിതാധികാരങ്ങളുടെയും ഇസ്ലാമോഫോബിയ ബാധിച്ച സെക്യുലർ നുണപ്രചാരണങ്ങളുടെയും മുന്നിൽ സ്വയം ക്ഷമിച്ച് അടങ്ങിയിരിക്കേണ്ടവരല്ലെന്നും, അതീവ ജാഗ്രതയോടെ സമുദായത്തിന്‍റെ മുന്നോട്ട്പോക്കിനാവശ്യമായ ആവിഷ്കാരങ്ങളേയും നവീന ഭാവനകളെയും നിർണയിക്കാൻ മുസ്‌ലിം ചെറുപ്പക്കാർ സജ്ജമാവണമെന്നും നഹാസ് മാള അഭിപ്രായപ്പെട്ടു. പ്രതിസന്ധികാലത്ത് വിശ്വാസത്തെ ആത്മാഭിമാനത്തോടെ ഉയർത്തിപ്പിടിച്ചാലേ ചെറുപ്പത്തിന് സമൂഹത്തെ സ്വാധീനിക്കാനാകൂ. അതിനുള്ള വലിയ ഊർജ്ജം പകർന്ന് നൽകുന്ന ചരിത്രവും പാരമ്പര്യവും നമുക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന നേതൃ ക്യാമ്പിൽ വിവിധ സെഷനുകളിലായി ഐ.പി.എച്ച് ഡയറക്ടർ കെ.ടി ഹുസൈൻ, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, സംസ്‌ഥാന കൂടിയാലോചന സമിതിയംഗം ടി.കെ ഫാറൂഖ്, ഗവേഷകൻ ഡോ. സാദിഖ് പി.കെ., സോളിഡാരിറ്റി സംസ്ഥാന നേതാക്കളായ ശുഹൈബ് സി.ടി., അലിഫ് ഷുക്കൂർ, ഷിയാസ് പെരുമാതുറ, ജുമൈൽ പി.പി, ശബീർ കൊടുവള്ളി, ഒ.കെ ഫാരിസ്‌ എന്നിവർ പ്രതിനിധികളുമായി സംവദിക്കും.

ശനിയാഴ്ച രാവിലെ സോളിഡാരിറ്റിയുടെ സംസ്ഥാന പ്രസിഡന്‍റ് പതാക ഉയർത്തി ആരംഭിച്ച സംഗമം ഞായറാഴ്ച ഉച്ചയോടുകൂടി സമാപിക്കും. 

Tags:    
News Summary - solidarity camp kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.