കണ്ണൂർ: മാഹിയിൽനിന്ന് പെട്രോളും ഡീസലും കടത്തുന്നത് തടയാൻ എല്ലാ സ്റ്റേഷനുകളിലും പൊലീസ് കമീഷണറുടെ പ്രത്യേക മാർഗനിർദേശം. പെട്രോളിയം കടത്തുന്നതിനെതിരെ ജില്ലയിൽ കർശന നടപടി സ്വീകരിച്ചുവരുകയാണെന്ന് കമീഷണർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
മാഹിയിൽ നിന്ന് കുപ്പികളിലും പ്ലാസ്റ്റിക് കാനുകളിലും പെട്രോളിയം ഉൽപന്നങ്ങൾ നിറച്ച് ജില്ലയിലേക്ക് കടത്തുന്നതിനെതിരെ വിവിധ സ്ഥലങ്ങളിൽ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ പെട്രോളിയം ഉൽപന്നങ്ങളുടെ കടത്തിക്കൊണ്ടുപോകൽ തടയൽ ഉത്തരവ് പ്രകാരം നടപടിയെടുക്കാൻ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും പ്രത്യേകം മാർഗനിർദേശങ്ങൾ നൽകിയതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
മാഹിയിൽ നിന്നുള്ള അനധികൃത പെട്രോളിയം കടത്ത് തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വി. ദേവദാസ് സമർപ്പിച്ച പരാതിയെത്തുടർന്നാണ് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി. വിൽപന നികുതിയിലെ വ്യത്യാസം കാരണം മാഹിയിൽ പെട്രോളിന് ലിറ്ററിന് 15 രൂപയും ഡീസലിന് 13 രൂപയും കർണാടകയിൽ ഡീസലിന് എട്ടു രൂപയും പെട്രോളിന് അഞ്ചു രൂപയും കേരളത്തിലേക്കാൾ വിലക്കുറവിലാണ് ഇന്ധനം ലഭിക്കുന്നത്. വില വ്യത്യാസത്തിന്റെ മറവിൽ ജില്ലക്കകത്തെ ക്വാറികളിലും ചെങ്കൽ പണകളിലും വ്യവസായിക സ്ഥാപനങ്ങളിലും ടാങ്കറുകളിലും കന്നാസുകളിലുമായി ദിവസം തോറും ലക്ഷക്കണക്കിന് ലിറ്റർ ഇന്ധനമാണ് കടത്തിക്കൊണ്ടുവരുന്നത്.
ഇതിനുപുറമെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ പൊതു സർവിസ് ബസുകളിലും സ്കൂൾ ബസുകളിലുമായി കാനുകളിലും കുപ്പികളിലും കടത്തുന്നുമുണ്ട്. ഇതുവഴി സംസ്ഥാന സർക്കാറിന് കോടിക്കണക്കിന് രൂപയാണ് നികുതിയിനത്തിൽ നഷ്ടമാകുന്നത്.
ഇതിനെതിരെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സെപ്റ്റംബർ 30ന് ജില്ലയിലെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു.
കണ്ണൂർ: മാഹിയിൽനിന്ന് അനധികൃതമായി ഇന്ധനം കടത്തുന്നത് തടയാൻ ജി.എസ്.ടി എൻഫോഴ്സ്മെന്റ് സ്ക്വാഡും രംഗത്ത്. ഒക്ടോബർ നാലിന് കോടിയേരി കാൻസർ സെന്ററിന് സമീപത്തുവെച്ച് നികുതി വെട്ടിച്ച് ടാങ്കർ ലോറിയിൽ കടത്തുകയായിരുന്ന 4,000 ലിറ്റർ ഡീസൽ പിടികൂടിയിരുന്നു. തുടർന്ന് നികുതിയും പിഴയുമായി 4,66,010 രൂപ ഈടാക്കി. ഈ മാസം വടകരയിലും കാഞ്ഞങ്ങാട്ടും സമാനരീതിയിൽ ജി.എസ്.ടി സ്ക്വാഡ് മാഹിയിൽ നിന്നുള്ള പെട്രോളിയം കടത്ത് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.