ശ്രീകണ്ഠപുരം: ഇനി മലപ്പട്ടത്തിെൻറ കർഷക മണ്ണിൽനിന്ന് സുഗന്ധവ്യഞ്ജനങ്ങളൊഴുകും വിപണി കൈയടക്കാൻ. സുഗന്ധവ്യഞ്ജനങ്ങളുടെ ഉൽപാദനവും വിതരണവും ലക്ഷ്യമിട്ട് മലപ്പട്ടത്തെ കർഷകകൂട്ടായ്മ തുടക്കമിട്ട മലപ്പട്ടം സ്പൈസസ് കമ്പനിയാണ് വിവിധ ഉൽപന്നങ്ങൾ വിപണിയിലിറക്കുന്നത്. കമ്പനിയുടെ ആദ്യ ഉൽപന്നമായ മഞ്ഞൾപൊടിയുടെ വിതരണോദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിച്ചു.
മലപ്പട്ടം പഞ്ചായത്തിലെ 110 കർഷകർ നടത്തിയ മഞ്ഞൾ കൃഷി വിളവെടുത്ത് മഞ്ഞൾ പൊടിയാക്കിയാണ് വിപണിയിലിറക്കിയത്.
കർഷകരിൽനിന്ന് സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങി മൂല്യവർധിത ഉൽപന്നമാക്കി വിപണനം നടത്തുക എന്ന ലക്ഷ്യത്തോടെ രണ്ട് വർഷം മുമ്പാണ് മലപ്പട്ടം സ്പൈസസ് എന്ന പേരിൽ കമ്പനി തുടങ്ങിയത്. മലപ്പട്ടം മുൻ പഞ്ചായത്ത് പ്രസിഡൻറ് പി. പുഷ്പജൻ മാനേജിങ് ഡയറക്ടറും ഇ.കെ. പ്രഭാകരൻ സി.ഇ.ഒയുമായ 10 അംഗ ഭരണസമിതിയാണ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
വന്യമൃഗശല്യം രൂക്ഷമായ പ്രദേശമായതിനാൽ ആദ്യഘട്ടത്തിൽ മഞ്ഞൾ കൃഷിക്ക് മുൻഗണന നൽകിയാണ് തുടക്കം. പഞ്ചായത്തുമായി സഹകരിച്ചാണ് 110 കർഷകർ മഞ്ഞൾ കൃഷി നടത്തിയത്. പഞ്ചായത്ത് നൽകിയ പ്രതിഭ ഇനം മഞ്ഞൾ വിത്തുകൾ കൃഷി ചെയ്ത് കർഷകർ ഉൽപാദിപ്പിച്ച അഞ്ച് ക്വിൻറൽ മഞ്ഞൾ ന്യായ വില നൽകി കമ്പനി വാങ്ങുകയായിരുന്നു. ഇതിൽ നിന്നുണ്ടാക്കിയ മഞ്ഞൾപൊടിയാണ് പാക്കറ്റുകളിലാക്കി വിപണിയിലിറക്കിയത്. നൂറുശതമാനം ജൈവവും പാരമ്പര്യവുമായി സംസ്കരിച്ചെടുത്ത മഞ്ഞളായതുകൊണ്ട് മരുന്ന് ആവശ്യങ്ങൾക്കുകൂടി ഉപയോഗിക്കാൻ സാധിക്കുമെന്ന് അധികൃതർ പറയുന്നു.
കമ്പനിവകയായി മലപ്പട്ടം ഹൈസ്കൂളിന് സമീപത്ത് സ്വന്തമായും മഞ്ഞൾ കൃഷി ആരംഭിച്ചിട്ടുണ്ട്. ഇഞ്ചി, കുരുമുളക് തുടങ്ങി എല്ലാ സുഗന്ധ വ്യഞ്ജനങ്ങളും കമ്പനിയുടെ വിപണനപരിധിയിൽ വരും. ഒരുകിലോ മഞ്ഞൾപൊടിക്ക് 240 രൂപയാണ് നിലവിലെ വില.
• കുർക്കുമിൻ ഉൽപാദിപ്പിച്ച്
വിപണിയിലിറക്കും
മഞ്ഞളിെൻറ ഔഷധശക്തിക്ക് അടിസ്ഥാനം ഇതിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ഘടകമാണ്. മുറിവുകള്‍ പഴുക്കാതെ സൂക്ഷിക്കുന്ന ആൻറിസെപ്റ്റിക് കൂടിയാണിത്.
എന്നാൽ, കുർക്കുമിെൻറ യഥാർഥ ഗുണങ്ങൾ ശരീരത്തിന് ലഭിക്കണമെങ്കിൽ ദിവസേന ഭക്ഷണത്തിലൂടെയുള്ള മഞ്ഞള്‍ ഉപഭോഗം മതിയാകില്ലെന്നും അതിനേക്കാല്‍ കൂടിയ തോതില്‍ മഞ്ഞൾ ശരീരത്തിൽ എത്തേണ്ടതായിട്ടുണ്ടെന്നും വിദഗ്ധർ പറയുന്നു.
ഇതിെൻറ ഭാഗമായാണ് മലപ്പട്ടം സ്പൈസസ് കമ്പനി മഞ്ഞളിൽനിന്നുള്ള കുർക്കുമിൻ ഉൽപാദിപ്പിക്കാനുള്ള തയാറെടുപ്പ് നടത്തുന്നത്. 50 കിലോഗ്രാം മഞ്ഞളിൽനിന്ന് ഒരു കിലോഗ്രാം കുർക്കുമിൻ മാത്രമേ വേർതിരിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അടുത്ത വർഷം മാർച്ചോടെ കുർക്കുമിൻ ഉൽപാദിപ്പിക്കാനുള്ള യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും സജ്ജമാക്കും. ഇതിനായി കേന്ദ്രസർക്കാർ കൃഷിവകുപ്പ് വഴി നടപ്പാക്കുന്ന ആത്മ പദ്ധതിയിൽ സാമ്പത്തികസഹായത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്.
• ഓൺലൈൻ വിൽപനക്ക്
മുൻഗണന
കമ്പനിയുടെ സുഗന്ധവ്യഞ്ജന ഉൽപന്നങ്ങൾ കൂടുതലായും ഓൺലൈനായി വിൽപന നടത്താനാണ് ആലോചിക്കുന്നത്.
കൂടാതെ സർക്കാർ - സഹകരണ സ്റ്റാളുകൾ വഴിയും സാധനങ്ങൾ ലഭ്യമാക്കും. ഫോൺ വഴി ആവശ്യപ്പെട്ടാലും സാധനം എത്തിച്ചുനൽകും. സുഗന്ധവ്യഞ്ജനങ്ങളുടെ കൃഷി മലപ്പട്ടം പഞ്ചായത്തിന് പുറമെ മറ്റു പഞ്ചായത്തിൽകൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിെൻറ ഭാഗമായി കൃഷി, സംസ്കരണം, വിപണനം എന്നിവക്ക് പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
•1000 ഷെയർ ഉടമകളെ
ചേർക്കും
കമ്പനിയിൽ നിലവിൽ 109 ഷെയർ ഉടമകളാണുള്ളത്. 1000 ഷെയർ ഉടമകളെ ഉൾപ്പെടുത്തി കമ്പനി വിപുലീകരിക്കാനുള്ള പ്രവർത്തനം ആരംഭിച്ചതായും ആവശ്യക്കാർക്ക് ഉൽപന്നങ്ങൾക്കും മറ്റുമായി ബന്ധപ്പെടാവുന്നതാണെന്നും
മാനേജിങ് ഡയറക്ടർ പി. പുഷ്പജൻ, സി.ഇ.ഒ. ഇ.കെ. പ്രഭാകരൻ എന്നിവർ അറിയിച്ചു. ഫോൺ: 9947867760, 9446859888.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.