ഇരിട്ടി: ആരും ശ്രദ്ധിക്കപ്പെടാത്ത കരിയിലകളിൽ ജീവന്റെ തുടിപ്പുകളേകുകയാണ് മാലൂർ ശിവപുരം പാങ്കുളത്തെ ശ്രീജേഷ്. ചില വരകളും കുറികളും ബ്ലേഡും ഉപയോഗിച്ചുള്ള ചില പോറലുകളും കഴിയുമ്പോൾ മഹാത്മാഗാന്ധി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ളവർ കരിയിലകളിൽ രൂപം കൊള്ളും. ചിത്രകാരനും നിർമാണത്തൊഴിലാളിയുമായ ശ്രീജേഷ് കോവിഡ് കാലത്തെ വിരസത അകറ്റാനായി പരീക്ഷിച്ച ലീഫ് ആർട്ടാണ് ആളുകളുടെ മനം കവരുന്നത്. ആഞ്ഞിലി മരത്തിന്റെ ഉണങ്ങിയ ഇലകൾ 15 മിനുട്ട് വെള്ളത്തിൽ കുതിർത്ത് പാകപ്പെടുത്തിയ ശേഷം പേന കൊണ്ട് ചിത്രം വരക്കുകയും ബ്ലേഡ് ഉപയോഗിച്ച് സൂക്ഷ്മതയോടെ വെട്ടി എടുക്കുകയുമാണ് ചെയ്യുന്നത്. ഗാന്ധിജി, ഡോ. എ.പി.ജെ. അബ്ദുൽ കലാം, മദർ തെരേസ, സ്വാമി വിവേകാനന്ദൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, കെ.കെ. ശൈലജ എം.എൽ.എ, കോടിയേരി ബാലകൃഷ്ണൻ, മുഹമ്മദലി ശിഹാബ് തങ്ങൾ, കലാഭവൻ മണി, കവി അയ്യപ്പൻ, പൃഥ്വിരാജ് തുടങ്ങി ഒട്ടേറെ വ്യക്തികളാണ് ശ്രീജേഷിന്റെ കരവിരുതിൽ വിരിഞ്ഞത്. ഹെലികോപ്ടറിൽനിന്ന് മഞ്ഞുമലകളിലേക്ക് പാരച്യൂട്ട് വഴി ഇറങ്ങുന്ന സൈനികരുടെ യുദ്ധസന്നാഹവും യോഗാ ദിനത്തിന്റെ ഭാഗമായുള്ള സൂര്യ നമസ്മാരത്തിന്റെ വിവിധ ഘട്ടങ്ങളും മനുഷ്യ പരിണാമത്തിന്റെ ആവിഷ്കാരവും ശ്രീജേഷിന്റെ കരസ്പർശത്താൽ വിരിഞ്ഞ മനോഹര ദൃശ്യമാണ്.അധ്യാപികയും എം.എൽ.എയുമായ കെ.കെ. ശൈലജക്കും മുഖ്യമന്ത്രി പിണറായി വിജയനും വരച്ച ചിത്രങ്ങൾ നേരിട്ട് സമ്മാനിക്കാൻ അവസരം ലഭിച്ചതായി ശ്രീജേഷ് പറയുന്നു.
ലീഫ് ആർട്ടിനു പുറമെ പേപ്പർ ക്രാഫ്റ്റിലും ചുമർ ചിത്രകലയിലും കഴിവ് തെളിയിച്ച ശ്രീജേഷ് തന്റെ 150 ഓളം ലീഫ് ആർട്ടുകൾ സമന്വയിപ്പിച്ച് പ്രദർശനവും നടത്താൻ ഒരുങ്ങുകയാണ്. വരച്ച ചിത്രങ്ങളെല്ലാം ഫ്രെയിം ചെയ്ത് സംരക്ഷിക്കണമെന്നാണ് ആഗ്രഹം. ശിവപുരം പാങ്കുളം വീട്ടിൽ കോട്ടായി രാമന്റെയും കാരായി സരോജിനിയുടെയും മകനാണ്. ശ്രീലത, ശ്രീജ തുടങ്ങിയവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.