ശ്രീകണ്ഠപുരം: ആദിവാസികളും പൊലീസും ഏറ്റുമുട്ടിയ വയനാട് മുത്തങ്ങ ദുരന്തത്തിന് 19 വയസ്സ്. വർഷങ്ങൾ പിന്നിടുമ്പോഴും വയനാട്ടുകാരെപ്പോലെ തന്നെ ആ ദുരന്തദിനം മറക്കാതെ കണ്ണൂർ ജില്ലയിൽ ഒരു ഗ്രാമമുണ്ട്. ശ്രീകണ്ഠപുരത്തിനടുത്ത ചെങ്ങളായിയിലെ കൊയ്യം കീയച്ചാൽ ഗ്രാമമാണത്. 2003 ഫെബ്രുവരി 19ന് മുത്തങ്ങയിൽ ആദിവാസി സമരക്കാർ കൊലചെയ്ത പൊലീസുകാരൻ കെ.വി. വിനോദിന്റെ നാടാണിത്. മുത്തങ്ങയിലെ ആദിവാസിയായ ജോഗിയും പൊലീസ് വെടിവെപ്പിൽ അന്ന് കൊല്ലപ്പെട്ടിരുന്നു. ഭൂമിക്കുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു ആദിവാസികൾ. ഇതിനെ അടിച്ചമർത്താൻ പൊലീസ് രംഗത്തിറങ്ങിയപ്പോഴാണ് അന്ന് രണ്ട് ജീവൻ പൊലിഞ്ഞത്.
സമരം നേരിടാൻ അന്ന് സർക്കാർ വിനോദ് ഉൾപ്പെടുന്ന കണ്ണൂർ കെ.എ.പി നാലാം ബറ്റാലിയനിലെ പൊലീസുകാരെയും വയനാട്ടിലേക്ക് ജോലിക്ക് നിയോഗിച്ചിരുന്നു. പൊലീസും ആദിവാസി സമരക്കാരും നേർക്കുനേർ ഏറ്റുമുട്ടുന്നതിനിടെയാണ് വിനോദിന് ജീവൻ ബലിയർപ്പിക്കേണ്ടിവന്നത്. ഞെട്ടലോടെയാണ് ഈ വാർത്ത ഇവിടത്തുകാർ കേട്ടത്. നാട്ടിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകൻ കൂടിയായ വിനോദിന്റെ വേർപാട് താങ്ങാവുന്നതിനപ്പുറമായിരുന്നു ഇവിടത്തുകാർക്ക്. ഓർമയിൽ കനലടങ്ങാത്തതിനാൽ ഓരോ മുത്തങ്ങ വാർഷിക ദിനവും കീയച്ചാലിൽ ആചരിക്കാറുണ്ട്. വിനോദിന്റെ ഓർമക്കായി നാടൊരുക്കിയ വിനോദ് സ്മൃതി വായനശാല ഗ്രന്ഥാലയവും മറ്റും ഇവിടെയെത്തുന്നവർക്ക് കാണാനുണ്ട്. കീയച്ചാലിൽ ഗ്രാമദീപം കലാകായിക സമിതിയുടെ നേതൃത്വത്തിൽ നിർമിച്ച വായനശാല 2003 സെപ്റ്റംബറിലാണ് ഉദ്ഘാടനം ചെയ്തത്.
വിനോദ് സ്മൃതി വായനശാല ഗ്രന്ഥാലയത്തിൽ കുഞ്ഞുണ്ണി ബാലവേദി, മയിലമ്മ വനിത വേദി, തണൽ വയോജനവേദി, നിലാവ് ജീവകാരുണ്യ കൂട്ടായ്മ എന്നിവയും നിലവിൽ പ്രവർത്തിക്കുന്നുണ്ട്.വിനോദ് പഠിച്ച കൊയ്യം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അദ്ദേഹത്തിന്റെ ഓർമക്കായി സ്റ്റുഡൻറ് പൊലീസ് കാഡറ്റ് വക ഛായാചിത്രം സ്ഥാപിച്ചിട്ടുണ്ട്. ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിലും വിനോദിന്റെ വലിയ ഫോട്ടോയുണ്ട്. കഴിഞ്ഞ മാസം കൊയ്യം ഗവ. ഹയർ സെക്കൻഡറി -തവറൂൽ -ചെങ്ങളായി റോഡിന് കെ.വി. വിനോദ് റോഡ് എന്ന് ചെങ്ങളായി പഞ്ചായത്ത് പേരുനൽകിയതുമെല്ലാം വിനോദ് ഓർമയുടെ തിളക്കമാണ് വ്യക്തമാക്കുന്നത്.
പ്രമുഖ തെയ്യം കലാകാരനും ഫോക്ലോർ ഗുരുപൂജ പുരസ്കാര ജേതാവുമായിരുന്ന പരേതനായ കുഞ്ഞിരാമപ്പെരുവണ്ണാന്റെ മകനാണ് വിനോദ്. മാതാവ് നാരായണിയും സഹോദരങ്ങളായ കെ.വി. ബാബു (പരിയാരം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ), കെ.വി. രമണി (റിട്ട. ഐ.സി.ഡി.എസ്) എന്നിവരും ഓർമ ദിനത്തിൽ ഒത്തുകൂടി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാറുണ്ട്. ശനിയാഴ്ച രാവിലെ വിനോദ് സ്മൃതി മന്ദിരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.