ശ്രീകണ്ഠപുരം: നഗരസഭയിൽ പൊതുജനാരോഗ്യ വികസനത്തിനും മാലിന്യ നിർമാർജനത്തിനുമായി 5.05 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബയോഗ്യാസ് പ്ലാന്റുകൾ ഒരുക്കുന്നതിന് 12.15 ലക്ഷം രൂപയുടെ പദ്ധതിയും റിങ് കമ്പോസ്റ്റുകൾക്കായി 24.95 ലക്ഷം രൂപയുടെ പദ്ധതിയും ബയോബിൻ കമ്പോസ്റ്റിനായി 16.63 ലക്ഷം രൂപയുടെ പദ്ധതിയും നടപ്പാക്കും.
ജൈവ മാലിന്യങ്ങൾ സംസ്കരിച്ച് വളമാക്കുന്നതിന് 15 ലക്ഷം രൂപയുടെ യന്ത്രമൊരുക്കും. 10 ലക്ഷം രൂപ വീതം ചെലവിൽ നിരീക്ഷണ കാമറകളും ബദൽ ഉൽപന്ന നിർമാണ യൂനിറ്റും സ്ഥാപിക്കും. 40 ലക്ഷം ചെലവിൽ തുമ്പൂർമൊഴി മോഡൽ എയ്റോബിക് കമ്പോസ്റ്റ് യൂനിറ്റുകളും നിർമിക്കും.10.50 ലക്ഷം ചെലവിൽ ഹരിത കർമസേനക്ക് മൂന്ന് ഓട്ടോകളും അജൈവ മാലിന്യങ്ങൾ പരമാവധി ചുരുക്കി കെട്ടുകളാക്കുന്നതിന് 10 ലക്ഷം രൂപയുടെ ബെയിലിങ് യന്ത്രവും വാങ്ങും. ഡ്രൈനേജ് മാൻ ഹോൾ ശുചീകരണ തൊഴിലാളികളുടെ സുരക്ഷ ഉപാധികൾ വാങ്ങാൻ 10 ലക്ഷം രൂപയും എം.സി.എഫിൽ ഉപകരണങ്ങൾ വാങ്ങുന്നതിന് 25 ലക്ഷം രൂപയും സാനിറ്ററി, പാഡ്, സ്നഗി തുടങ്ങിയവ നശിപ്പിക്കുന്നതിനുള്ള യന്ത്രം സ്ഥാപിക്കാൻ 6.50 ലക്ഷം രൂപയും ചെലവഴിക്കും.
ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനും 9.6 ലക്ഷം ചെലവിട്ട് സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്പും ഒരുക്കും. സ്വാപ്ഷോപ്പ് നടുത്തുവാൻ സൗകര്യമൊരുക്കൽ, ഹരിത സഹായ കേന്ദ്ര സഹായം, മാലിന്യ മുക്ത ശ്രീകണ്ഠപുരം പദ്ധതി, കക്കൂസ് മാലിന്യം ശേഖരിച്ച് സംസ്കരിക്കാനുള്ള പദ്ധതി, ഹരിതകർമ സേന യൂനിഫോം സുരക്ഷ ഉപകരണങ്ങൾ വാങ്ങൽ, കാന വൃത്തിയാക്കാൻ യന്ത്രങ്ങൾ വാങ്ങുക, പ്ലാസ്റ്റിക് ശേഖരണത്തിന് മിനി ബൂത്ത് സ്ഥാപിക്കൽ, കാവുമ്പായി എം.സി.എഫിൽ അഗ്നി സുരക്ഷ സംവിധാനമൊരുക്കൽ, വ്യക്തിഗത ശൗചാലയ നിർമാണം, ലഗസി മാലിന്യം നീക്കൽ, സ്കൂളുകളിൽ മാലിന്യ സംസ്കരണ സംവിധാനമൊരുക്കൽ, ജൈവ മാലിന്യ സംസ്കരണത്തിന് ബൊക്കാഷി ബക്കറ്റ് എന്നീ പദ്ധതികളും നടപ്പാക്കുന്നുണ്ട്.
വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൻ ഡോ. കെ.വി. ഫിലോമിന, സെക്രട്ടറി കെ. അഭിലാഷ്, ഹെൽത്ത് സൂപ്പർവൈസർ പി. മോഹനൻ, ഹെൽത്ത് ഇൻസ്പെക്ടർ വി. പ്രേമരാജൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ പി.പി. ചന്ദ്രാംഗദൻ, വി.പി. നസീമ, ജോസഫീന വർഗീസ്, ജെ.എച്ച്.ഐ സതീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.